മോസ്കോയിലെ റസ്റ്റോറന്റിൽ ബോംബ് സ്ഫോടനം . മൂന്ന് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്റ്റാലിൻ കാലഘട്ടത്തിലെ പ്രശസ്തമായ കുഡ്രിൻസ്കായ സ്ക്വയറിൽ പ്രാദേശിക സമയം രാത്രി 8 മണിയോടടുപ്പിച്ചാണ് സ്ഫോടനം നടന്നത്. ബാൽസി റോസി ഇറ്റാലിയൻ റെസ്റ്റോറന്റിന് സമീപമാണ് സ്ഫോടനം നടന്നത്. സ്വകാര്യ പരിപാടി നടക്കുന്നതിനാൽ ശനിയാഴ്ച റെസ്റ്റോറന്റിൽ പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
അജ്ഞാത സ്ത്രീ സ്ഫോടകവസ്തു കൈവശം വച്ച് റെസ്റ്റോറന്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അകത്തേക്ക് കടക്കുന്നതിന് മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞെങ്കിലും നിമിഷങ്ങൾക്കുള്ളിൽ, സ്ഫോടനമുണ്ടായി.
സ്ഫോടകവസ്തു കൊണ്ടുവന്ന സ്ത്രീയും സുരക്ഷാ ഉദ്യോഗസ്ഥനും റെസ്റ്റോറന്റിലെ ജീവനക്കാരനും സ്ഫോടനത്തിൽ മരിച്ചു. സ്ഫോടനത്തിന് തൊട്ടുപിന്നാലെ പോലീസ് അന്വേഷകരും ഫോറൻസിക് സംഘങ്ങളും സ്ഥലത്തെത്തി റെസ്റ്റോറന്റ് സീൽ ചെയ്തു . ഐഇഡി സ്ഫോടനമാണ് നടന്നതെന്ന് റഷ്യയുടെ ദേശീയ ഭീകരവിരുദ്ധ സമിതി സ്ഥിരീകരിച്ചു . ആക്രമണം എങ്ങനെ ആസൂത്രണം ചെയ്തുവെന്നും അതിന് പിന്നിൽ ആരാണെന്നും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

