നടത്തം ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണ്. നടത്തം ശരീരത്തെ സന്തുലിതവും ആരോഗ്യകരവുമായി നിലനിർത്താനും സഹായിക്കുന്നു. നടത്തത്തിന് നിരവധി അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളുണ്ട്.രാവിലെയോ വൈകുന്നേരമോ ഉള്ള നടത്തം നല്ലതാണ്. അടുത്തിടെ ജപ്പാനിലെ ദോഷിഷ സർവകലാശാല നടത്തിയ പഠനത്തിൽ അതിവേഗത്തിൽ നടക്കുന്നവരിൽ പ്രമേഹ സാധ്യത 30 ശതമാനം കുറയുന്നതായി കണ്ടെത്തി.
പഠനത്തിന്റെ ഭാഗമായി ആളുകളുടെ നടത്തത്തിൻ്റെ വേഗത അളക്കുകയും ഇത്തരം നടത്തത്തിൻ്റെ ആരോഗ്യ ഗുണങ്ങളും ദോഷങ്ങളും പഠിക്കുകയും ചെയ്തു. വേഗത്തിലുള്ള നടത്തം ആരോഗ്യപ്രശ്നങ്ങൾ തടയുകയും അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.സയൻ്റിഫിക് റിപ്പോർട്ട്സ് ജേണലിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.വേഗത്തിലുള്ള നടത്തം ഉയർന്ന ബിപിയും , രക്തത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ അളവും കുറയ്ക്കുന്നു.
പൊണ്ണത്തടി, ചീത്ത കൊളസ്ട്രോൾ എന്നിവ മൂലം ബുദ്ധിമുട്ടുന്ന 25,000 ആളുകളിലാണ് പഠനം നടത്തിയത് . വേഗത്തിൽ നടക്കുന്നവർക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം മുതലായവ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും പഠനത്തിൽ കണ്ടെത്തി.വേഗത്തിലുള്ള നടത്തം കാർഡിയോസ്പിറേറ്ററി ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നു.ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കുന്നതായും ദോഷിഷ യൂണിവേഴ്സിറ്റിയുടെ ആരോഗ്യ-കായിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറായ കൊജിറോ ഇഷി പറയുന്നു.