മുംബൈ ; വാഹനാപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് ആറ് വയസുകാരന് ദാരുണാന്ത്യം . നവി മുംബൈയിലാണ് സംഭവം. മാതാപിതാക്കളോടൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്നു ആറ് വയസുകാരൻ . ഇതിനിടെ മറ്റൊരു കാർ ഡിവൈഡറിൽ ഇടിച്ച ശേഷം കാറിൻ്റെ പിൻഭാഗം കഷണങ്ങളായി തകർന്ന് കുട്ടി സഞ്ചരിച്ച കാറിൻ്റെ ബോണറ്റിൽ ഇടിക്കുകയായിരുന്നു. അതിനു പിന്നാലെ കാറിലെ എയർ ബാഗ് തുറന്നു. അപകടത്തിന്റെ ആഘാതത്തിൽ കുട്ടിയുടെ മുഖം എയർബാഗിൽ അമരുകയായിരുന്നു.
അതേസമയം, വാഹനമോടിച്ചിരുന്ന പിതാവിന് എയർബാഗ് പ്രവർത്തിച്ചതിനാൽ പരിക്ക് സംഭവിച്ചില്ല. എയർബാഗ് മുഖത്തമർന്ന കുട്ടിയെ പുറത്തെടുത്തപ്പോൾ അബോധാവസ്ഥയിലായിരുന്നു.കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 281 (വേഗത), 106 (1) (അശ്രദ്ധമൂലമുള്ള മരണത്തിന് കാരണമായത്) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.