കൊല്ലം ; കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പൊലീസിനെ പ്രതികൂട്ടിലാക്കുന്ന ശബ്ദരേഖ പുറത്ത് . സിയാദിന്റെ മകൾ ആരോപണവിധേയനായ പൊലീസുകാരനുമായി ഫോണിൽ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പുകളാണ് പുറത്ത് വന്നത്. പെരുമ്പുഴ സൊസൈറ്റി മുക്ക് നിവാസിയായ സിയാദ് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ജൂൺ 16 ന് രാത്രിയാണ് അയൽവാസിയായ 13 കാരനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് സിയാദിനെ കസ്റ്റഡിയിലെടുത്തത്. ശേഷം പോലീസ് ജീപ്പിനുള്ളിലും പിന്നീട് സ്റ്റേഷനിലും സിയാദിനെ ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിൽ വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റതായി കുടുംബാംഗങ്ങൾ പറയുന്നു.
സിയാദിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വീട്ടുകാരുടെ അപേക്ഷ പരിഗണിക്കാതെയായിരുന്നു കസ്റ്റഡിയിലെടുത്തതും മർദ്ദിച്ചതും . കാണാതായ വിദ്യാർത്ഥിയെ പിന്നീട് കണ്ടെത്തി. കേസിൽ ബന്ധമില്ലെന്ന് കണ്ടെത്തിയതോടെ ജൂൺ 17 ന് പുലർച്ചെ സിയാദിനെ പോലീസ് വിട്ടയച്ചു. കസ്റ്റഡിയിൽ വെച്ച് തന്നെ പോലീസ് മർദ്ദിച്ചതായി സിയാദ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു.
സിയാദിന്റെ മകൾ തന്റെ പിതാവിനെ കസ്റ്റഡിയിലെടുത്ത സംഘത്തിലെ അംഗമായിരുന്ന സിവിൽ പോലീസ് ഓഫീസർ ശ്രീജിത്തുമായി സംസാരിക്കുന്ന ഫോൺസംഭാഷണത്തിന്റെ ഓഡിയോ റെക്കോർഡിംഗാണ് പുറത്ത് വന്നത്. “എന്റെ പപ്പ പോയി. സർ, പപ്പയ്ക്ക് സുഖമില്ലെന്ന് ഞാൻ നിങ്ങളോട് പറഞ്ഞില്ലേ?” എന്നാണ് സിയാദിന്റെ മകൾ ചോദിക്കുന്നത് . അച്ഛന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് പഴുപ്പുണ്ടായെന്നും, ആരാണ് മർദിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടർമാർ ചോദിച്ചിരുന്നതായും മകൾ പറയുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ശ്രീജിത്ത് തള്ളിക്കളയുന്നുണ്ട്.
അതേസമയം സിയാദിന് കസ്റ്റഡിയിൽ വച്ച് മർദ്ദനമേറ്റെന്ന ആരോപണം പോലീസ് തള്ളിക്കളഞ്ഞു . പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം സിയാദിന് ഹെപ്പറ്റൈറ്റിസ് ബിയും, മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു.
അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം നിർണ്ണയിക്കാൻ കഴിയൂ എന്നും പോലീസ് വ്യക്തമാക്കി . സംഭവത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടി. മന്ത്രി പി.സി. വിഷ്ണുനാഥ് സിയാദിന്റെ വസതിയിലെത്തി അനുശോചനം അറിയിച്ചു.

