കൊച്ചി : ജന്തർ മന്തറിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ മോശമായ രീതിയിൽ പരാമർശം നടത്തിയതിന് മേജർ രവിക്ക് വക്കീൽ നോട്ടീസ് . പ്ലസ് ടു വിദ്യാർത്ഥിനിയായ മാളവികയാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും സോഷ്യൽ മീഡിയയിൽ നിന്ന് വീഡിയോ നീക്കം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ജന്ദർമന്ദറിൽ നടക്കുന്ന സമരത്തെ പിന്തുണച്ച് നടൻ മോഹൻലാലിന്റെ മകൾ വിസ്മയ രംഗത്തെത്തിയിരുന്നു. തുടർന്ന് വിസ്മയക്ക് നേരെ കടുത്ത സൈബർ ആക്രമണവുമുണ്ടായി. പിന്നാലെ മേജർ രവി വിസ്മയ ഇത്തരമൊരു പോസ്റ്റ് ഇടാനുള്ള സാഹചര്യം വെളിപ്പെടുത്തി രംഗത്തെത്തി . ഫേസ്ബുക്കിൽ പങ്ക് വച്ച ലൈവ് വീഡിയോയിൽ അദ്ദേഹം പ്രതിഷേധക്കാരെ മോശമായി ചിത്രീകരിച്ചുവെന്നാണ് ആരോപണം.
വിയറ്റ്നാമിൽ ജനിച്ച് വളർന്ന വിസ്മയയ്ക്ക് വലിയ രാഷ്ട്രീയ പരിജ്ഞാനമില്ലെന്നായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡൽഹിയിലെ പ്രതിഷേധത്തിനിടെ വിദ്യാർത്ഥികളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടതിന് ശേഷം വിസ്മയ ഇത്തരമൊരു പോസ്റ്റിട്ടതാണെന്നും അത് അക്രമികൾക്കുള്ള പിന്തുണ അല്ലെന്നും അദ്ദേഹം പറഞ്ഞു.
ജന്ദർമന്ദറിൽ നടക്കുന്ന ഇത്തരം കലാപങ്ങൾക്ക് പിന്നിൽ ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന വിദേശശക്തികളുണ്ട്. പ്രതിഷേധക്കാർക്ക് ഫണ്ട് ലഭിക്കുന്നുണ്ട്. കോൺഗ്രസ് സർക്കാരിന്റെ കാലത്തും ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വീട് ഈ രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷാ മേഖലയാണ്. ആരെങ്കിലും അവിടെ പോയി പ്രതിഷേധിച്ചാൽ പോലീസ് നടപടിയെടുക്കും. സമാധാനപരമായി പ്രതിഷേധിക്കുന്നുവെന്ന് പറയുന്നവർ പോലീസ് വാഹനങ്ങൾ നശിപ്പിക്കുകയും പോലീസിന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മേജർ രവി വീഡിയോയിൽ പറഞ്ഞിരുന്നു.
എന്നാൽ മേജർ രവി നുണ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് വക്കീൽ നോട്ടീസ് അയച്ച മാളവിക പറയുന്നത്. താനും നാളെ നീറ്റ് പരീക്ഷ എഴുതാനുള്ള ആളാണ് . ഇതൊക്കെ കാണുകയും , കേൾക്കുകയും ചെയ്യുമ്പോൾ ഭയമുണ്ട്. ജന്ദർമന്ദർ സമരത്തിൽ പങ്കെടുക്കുന്നത് കൊണ്ട് തന്നെ മേജർ രവി അങ്കിൾ പറഞ്ഞതിനോട് യോജിക്കാൻ പറ്റുന്നില്ല. നമ്മൾ ദേശവിരുദ്ധരാണെന്ന് വരുത്തി തീർക്കാനൊക്കെ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മാളവിക പറയുന്നു.

