ന്യൂഡൽഹി : നിരാഹാര സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് സൂചിപ്പിച്ച് ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് . പാർലമെന്റ് പ്രതിഷേധത്തിന്റെ പേരിൽ കലാപങ്ങൾ നടത്തിയവർക്കെതിരെ നടപടികൾ ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്നാണ് വാങ്ചുകിന്റെ നിലപാട്.
കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയ്ക്കും കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിനും അയച്ച കത്തിൽ, ആശുപത്രിയിൽ തന്നെ സന്ദർശിച്ച് നിരാഹാരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചതിന് വാങ്ചുക്ക് നന്ദി പറഞ്ഞു. സമരക്കാർക്ക് സർക്കാർ പരസ്യമായി സംരക്ഷണം ഉറപ്പുനൽകുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും തന്റെ തീരുമാനം എന്നും വാങ്ചുക്ക് കത്തിൽ പറഞ്ഞു.
പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം, പാർലമെന്റിൽ ചർച്ച എന്നിവ ഉൾപ്പെടെ രണ്ട് പ്രധാന ആവശ്യങ്ങൾ സർക്കാർ ക്രിയാത്മകമായി പരിഗണിക്കുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയതായി വാങ്ചുക്ക് പറഞ്ഞു.
‘ “എനിക്ക് ജീവിക്കണം. എന്റെ വിദ്യാർത്ഥികളിലേക്കും വിദ്യാഭ്യാസത്തിലേക്കും എന്റെ ജീവിതത്തെ നിർവചിച്ച ജോലിയിലേക്കും ഞാൻ മടങ്ങാൻ ആഗ്രഹിക്കുന്നു.” എന്നാണ് വാങ്ചുക് കത്തിൽ പറയുന്നത്. ആർക്കും ശിക്ഷാപരമായ നിയമ നടപടിയോ പീഡനമോ നേരിടേണ്ടിവരില്ലെന്ന് സർക്കാർ “വ്യക്തമായ ഉറപ്പ്” നൽകിയാൽ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കാൻ താൻ തയ്യാറാണെന്നും സോനം വാങ് ചുക് പറഞ്ഞു.

