തിരുവനന്തപുരം : ഡൽഹിയിൽ പാർലമെന്റ് മാർച്ച് നടത്തിയവർക്ക് നേരെ നടന്നത് ക്രൂരമായ അടിച്ചമർത്തലാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ . മാർച്ച് നടത്തുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
‘റാഗിംഗ് വർദ്ധിച്ചുവരുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടു. റാഗിംഗിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ്പ് ആരംഭിക്കും. വിദ്യാർത്ഥികൾക്ക് ഇതിലൂടെ പരാതി നൽകാം. പിഎം ശ്രീ യെക്കുറിച്ചുള്ള ഉപസമിതിയുടെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ബാക്കി തീരുമാനം റിപ്പോർട്ട് വന്നതിനുശേഷം എടുക്കും. പൊതിച്ചോർ കൊടുക്കുന്നത് നല്ല കാര്യമാണ് . അതിൽ ഡി വൈ എഫ് ഐയെ അഭിനന്ദിക്കുന്ന ആളാണ് ഞാൻ . മറ്റ് സംഘടനകളും അവരെ മാതൃകയാക്കട്ടെ . പക്ഷെ ആശുപത്രികൾ ഇതിന്റെ പേരിൽ കയ്യേറുന്നത് തെറ്റാണ്.
എന്നെ കാണാൻ അനുമതി നൽകുന്നില്ല എന്ന പ്രചാരണം ഞാൻ കേട്ടു. അത് തെറ്റാണ്. ആർക്കും എന്നെ കാണാൻ കഴിയും. എന്റെ ഓഫീസ് ആർക്കും അനുമതി നിഷേധിച്ചിട്ടില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ വരുന്നുണ്ട്. ഞാൻ കാണുന്നുമുണ്ട്. ഞാൻ ആരെയും കാണുന്നില്ലെന്ന വാർത്ത ദയവായി നൽകരുത്.
കെ.എസ്.യു പ്രസിഡന്റിന്റെ പരാതി ഞാൻ കേട്ടു. എസ്.എച്ച് കോളേജിൽ വെച്ച് അലോഷ്യസ് സേവ്യറിനെ ഞാൻ കണ്ടില്ല. കണ്ടെങ്കിൽ, ഞാൻ എന്തിനാണ് അദ്ദേഹത്തോട് സംസാരിക്കാതെ പോകുന്നത്? തിരക്കിനിടയിൽ ഞാൻ അദ്ദേഹത്തെ കണ്ടില്ല. ഉച്ചവരെ കൊച്ചിയിൽ ഉണ്ടാകുമെന്ന് അലോഷ്യസിനെ അറിയിച്ചിരുന്നു.
ടാറ്റ കമ്പനിയുടെ അധികൃതരുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ഞാൻ പറഞ്ഞില്ല. മലബാർ സിമന്റ്സും കൊച്ചി തുറമുഖവും സംബന്ധിച്ച അവരുടെ ഒരു വിഷയത്തിൽ തീരുമാനമായിട്ടില്ല. ഇപ്പോൾ ഒരു തീരുമാനമെടുത്തു. കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ ടാറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട് ,’ മുഖ്യമന്ത്രി വ്യക്തമാക്കി.

