ന്യൂഡൽഹി: പാർലമെന്റ് മാർച്ചിനിടെ കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി നടത്തിയ കൂടിക്കാഴ്ച “ഉപയോഗശൂന്യം” ആയിരുന്നുവെന്ന് ജന്തർമന്തറിൽ സമരം നടത്തുന്ന സംഘം. നാല് മണിക്കൂർ പാഴാക്കിയിട്ടും ഫലമുണ്ടായില്ല എന്നാണ് സംഘം പറയുന്നത്. സംഘത്തിന്റെ വക്താവ് എന്ന് അറിയപ്പെടുന്ന അശുതോഷ് റാങ്കയാണ് എക്സിലെ പോസ്റ്റിൽ ഈ പരാമർശം നടത്തിയത്.
‘ഈ പ്രസ്ഥാനത്തിന്റെ ശക്തി തിരിച്ചറിഞ്ഞപ്പോൾ സർക്കാർ നിരാശരായി. പിന്നീട് ഈ ഉപയോഗശൂന്യമായ മീറ്റിംഗിനായി ഞങ്ങളുടെ 4 മണിക്കൂർ പാഴാക്കി. ‘ എന്നാണ് സംഘത്തിന്റെ അവകാശവാദം.
അതേസമയം തങ്ങളെ സർക്കാരാണ് ചർച്ചയ്ക്ക് വിളിച്ചതെന്ന വാദം ഇന്നലെ ജെ പി നദ്ദയുടെ പോസ്റ്റോടെ പൊളിഞ്ഞിരുന്നു. സമരക്കാർ തന്നെയാണ് ചർച്ചയ്ക്കുള്ള പ്രൊപോസൽ മുന്നോട്ട് വച്ചതെന്ന് ജെപി നദ്ദ സമൂഹമാധ്യമത്തിൽ പങ്ക് വച്ച പോസ്റ്റിൽ പറഞ്ഞിരുന്നു. സംഘത്തിന്റെ പ്രതിനിധികൾ നിവേദനം നൽകിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ എന്ന് അവകാശപ്പെടുന്നവർ സമരം ചെയ്യുന്നത്.
അതേസമയം, ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് സമരത്തിന് നേതൃത്വം നൽകുന്ന അഭിജീത് ദിപ്കെ പറഞ്ഞത് . തിങ്കളാഴ്ച ഇവർ സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് ജന്തർ മന്തറിന് സമീപം അക്രമാസക്തമായി. അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് ഇവർ പോലീസുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ചു. നൂറുകണക്കിന് അക്രമികളെ പിന്നീട് കസ്റ്റഡിയിലെടുത്തു.

