ന്യൂഡൽഹി : സിജെപിയ്ക്ക് വേണ്ടി ജന്തർമന്തറിൽ നിരാഹാരസമരം അനുഷ്ഠിച്ചിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് സഫ്ദർജംഗ് ആശുപത്രിയിലേയ്ക്ക് മാറ്റി . ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിന്റെയും ആരോഗ്യ വിദഗ്ദ്ധരുടെ ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് വാങ്ചുകിനെ ആശുപത്രിയിലേയ്ക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് ഡൽഹി പോലീസ് പറഞ്ഞു.
“സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി വഷളായതിനാൽ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവുകളുടെയും വിദഗ്ദ്ധ വൈദ്യോപദേശത്തിന്റെയും അടിസ്ഥാനത്തിൽ, അത്യാവശ്യ വൈദ്യസഹായത്തിനായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി,” ഡൽഹി പോലീസ് എക്സിലെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
വാങ്ചുക്കിന് പകരം സിജെപി നേതാവ് അഭിജിത് ദിപ്കെ നിരാഹാര സമരം ആരംഭിച്ചു. ജന്തർ മന്തറിൽ ഡൽഹി പോലീസ് അതിക്രമിച്ചു കയറി ആളുകളെ മർദിക്കുകയാണെന്ന് ദിപ്കെ എക്സിലെ പോസ്റ്റിൽ ആരോപിച്ചു. “ഡൽഹി പോലീസ് എന്നെ മർദ്ദിക്കുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തു . ജന്തർ മന്തറിൽ ഡൽഹി പോലീസ് അതിക്രമിച്ചു കയറുകയും ആളുകളെ മർദ്ദിക്കുകയും സോനം സാറിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയും ചെയ്യുന്നു ,” ദിപ്കെ പറഞ്ഞു.
വാങ്ചുകുമായി ആംബുലൻസ് സ്ഥലം വിട്ടതിന് ശേഷം ദീപ്കെയെ പൊലീസ് വിട്ടയച്ചു.നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ, ആരോപിക്കപ്പെട്ട പരീക്ഷയിൽ ജുഡീഷ്യൽ അന്വേഷണം എന്നിവയുമായി ബന്ധപ്പെട്ടും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ജൂൺ 20 മുതൽ കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ പ്രതിഷേധം നടത്തിവരികയാണ്.

