തിരുവനന്തപുരം: കടയ്ക്കാവൂരിലെ കവലയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപിക മർദിച്ചതായി പരാതി. കവലയൂർ വെൺപാലവട്ടം കോണത്ത് വീട്ടിൽ സുനിലിന്റെ മകൾ സാന്ദ്രയെയാണ് വേഗത്തിൽ അക്ഷരങ്ങൾ എഴുതാത്തതിന് അധ്യാപിക മർദിച്ചത് . വിരലിൽ പരിക്കേറ്റ സാന്ദ്രയെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അധ്യാപിക സാന്ദ്രയെ മർദ്ദിച്ചത് . കുട്ടിയ്ക്ക് വേദന ഉണ്ടായെങ്കിലും മാതാപിതാക്കളോട് പറഞ്ഞില്ല. അടുത്ത ദിവസം, കുട്ടിയുടെ വിരലിൽ വീക്കമുണ്ടായി . പരിക്കേറ്റതിനെ തുടർന്ന് പനി ബാധിച്ച സാന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഡോക്ടർമാർ വിരലിലെ ലിഗമെന്റിന് പരിക്കേറ്റതായി കണ്ടെത്തിയത്. ഇപ്പോൾ കുട്ടിയുടെ കൈയിൽ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലും സാമൂഹിക ക്ഷേമ വകുപ്പിലും സ്കൂൾ അധികൃതർക്കും മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

