തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള യുഡിഎഫ് സർക്കാരിന്റെ വിലയിരുത്തലിനെ വെല്ലുവിളിച്ച് ബദൽ ധവളപത്രം പുറത്തിറക്കി സിപിഎം . പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ധവളപത്രം പുറത്തിറക്കിയത്. എൽ ഡി എഫ് സർക്കാരിന്റെ സാമ്പത്തിക ധൂർത്ത് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്നായിരുന്നു അധികാരമേറ്റതിന് പിന്നാലെ യുഡി എഫ് സർക്കാർ പറഞ്ഞത് . ഇതിനു മറുപടിയായണ് ബദൽ ധവളപത്രം പുറത്തിറക്കിയിരിക്കുന്നത് .
സംസ്ഥാനം ഒരു ലക്ഷം കോടി രൂപയിലധികം കടബാധ്യതയിലാണെന്ന സർക്കാരിന്റെ അവകാശവാദങ്ങൾ പിണറായി തള്ളിക്കളഞ്ഞു. സർക്കാർ വ്യാജപ്രചാരണങ്ങൾ ഉന്നയിക്കുകയാണെന്നും , സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നതിന് യാതൊരു തെളിവുമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണം, പെൻഷൻ പദ്ധതികൾ, സ്ത്രീകൾക്കുള്ള സാമ്പത്തിക സഹായം, പ്രവാസികൾക്കുള്ള പെൻഷൻ എന്നിവയുൾപ്പെടെ നിരവധി അവശ്യ ക്ഷേമ നടപടികൾ ഇതിനകം തന്നെ മുടങ്ങുന്ന അവസ്ഥയിലാണ് . ഇത് യുഡി എഫ് സർക്കാരിന്റെ വാഗ്ദാന ലംഘനമാണെന്നും പിണറായി വിജയൻ പറഞ്ഞു.

