തിരുവനന്തപുരം : ബിജെപി കൗൺസിലർ ആർ സുഗതൻ വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സിപിഎം നേതാവ് വി. ശിവൻ കുട്ടി . സ്വാതന്ത്ര്യ സമരസേനാനികൾ ചരിത്രത്തിൽ ജയിൽവാസം അനുഷ്ഠിച്ചെങ്കിൽ, നമ്മുടെ കാലഘട്ടത്തിലെ പുതിയ ‘ദേശസ്നേഹി’കൾ ജയിലിലാകുന്നത് ഗുണ്ടാ കേസുകളിലാണെന്നത് എത്ര വലിയ പുരോഗമനമാണെന്നാണ് ശിവൻ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘ കേരള ചരിത്രത്തിൽ ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു അപൂർവ്വ മുഹൂർത്തത്തിന് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. ജനവിധിയുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ടവർക്ക് പകരം, ജയിലിന്റെ നാല് ചുമരുകൾക്കുള്ളിൽ നിന്ന് ഒരു ജനപ്രതിനിധി സത്യപ്രതിജ്ഞ ചെയ്യുന്നു..
സ്വാതന്ത്ര്യ സമരസേനാനികൾ ചരിത്രത്തിൽ ജയിൽവാസം അനുഷ്ഠിച്ചെങ്കിൽ, നമ്മുടെ കാലഘട്ടത്തിലെ പുതിയ ‘ദേശസ്നേഹി’കൾ ജയിലിലാകുന്നത് ഗുണ്ടാ കേസുകളിലാണെന്നത് എത്ര വലിയ പുരോഗമനമാണ്!
ജയിലിനുള്ളിൽ വെച്ച് സത്യപ്രതിജ്ഞ നടത്തുമ്പോൾ അത് അർത്ഥവത്താവുന്നത് തീർച്ചയായും ബിജെപിക്ക് മാത്രമാണ്.
ഈ ചരിത്രനിമിഷം യാഥാർത്ഥ്യമാക്കാൻ എല്ലാവിധ സൗകര്യങ്ങളും ഏർപ്പാടാക്കി നൽകിയ നമ്മുടെ ഉദാരമതികളായ യുഡിഎഫ് സർക്കാരിന് ഒരു കോടി അഭിവാദ്യങ്ങൾ..!
കേരളം മാറി ചിന്തിക്കുന്നു.. ജയിലിൽ നിന്ന് ഭരണസിരാകേന്ദ്രത്തിലേയ്ക്ക് ‘ എന്നാണ് ശിവൻ കുട്ടിയുടെ വാക്കുകൾ.

