ഒരു മാസത്തിലേറെയായി കായിക ലോകത്തെ ആവേശം കൊള്ളിച്ച വേൾഡ് കപ്പ് ഫുട്ബോൾ മാമാങ്കം അവസാന ഘട്ടത്തിലേക്ക്. 48 ടീമുകൾ മാറ്റുരച്ച ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ലോകകപ്പ് ടൂർണെമെന്റിന് തിരശ്ശീല വീഴാനൊരുങ്ങുമ്പോൾ, മറ്റൊരു റെക്കോർഡ് കൂടി കുറിക്കപ്പെട്ടിരിക്കുകയാണ്. സെമിയിൽ എത്തിയ നാല് ടീമുകളുമായി ബന്ധപ്പെട്ടതാണ് ആ റെക്കോർഡ്.
ഫിഫ റാങ്കിംഗിലെ ആദ്യ നാല് സ്ഥാനക്കാർ ലോകകപ്പ് സെമി ഫൈനലിൽ ഏറ്റുമുട്ടുന്നു. ഫിഫ റാങ്കിംഗ് പ്രകാരം ഒന്നാമത് ഫ്രാൻസും രണ്ടാമത് അർജന്റീനയും മൂന്നാമത് സ്പെയിനും നാലാമത് ഇംഗ്ലണ്ടുമാണ്. ഈ നാല് ടീമുകളുമാണ് സെമിയിൽ എത്തിയിരിക്കുന്നത്. ലോകകപ്പ് ചരിത്രത്തിലെ ഒരു അപൂർവതയാണിത്.
സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ സ്പെയിനും ഇംഗ്ലണ്ടിന്റെ എതിരാളികൾ അർജന്റീനയുമാണ്. അവസാന ദിവസം നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഇംഗ്ലണ്ടും അർജന്റീനയുമാണ് ജേതാക്കളായത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോർവെയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയപ്പോൾ, ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്സർലൻഡിനെ വീഴ്ത്തിയാണ് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ വരവ്.
ക്വാർട്ടറിൽ മൊറോക്കോയെ തകർത്താണ് ഫ്രാൻസ് സെമിയിൽ കടന്നതെങ്കിൽ, ബെൽജിയത്തെ പരാജയപ്പെടുത്തിയാണ് സ്പെയിൻ അവസാന നാലിൽ ഇടം പിടിച്ചത്. മൊറോക്കോക്ക് എതിരെ 2-0നായിരുന്നു ഫ്രാൻസിന്റെ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പെയിൻ ബെൽജിയത്തെ തുരത്തിയത്.
ജൂലൈ 15ന് ഇന്ത്യൻ സമയം പുലർച്ചെ 12.30ന് ഡാളസ് സ്റ്റേഡിയത്തിൽ വെച്ചാണ് ഫ്രാൻസ്- സ്പെയിൻ പോരാട്ടം. ജൂലൈ 16ന് പുലർച്ചെ 12.30ന് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ വെച്ചാണ് ഇംഗ്ലണ്ട്, അർജന്റീനയെ നേരിടുന്നത്. മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള പോരാട്ടം ജൂലൈ 19ന് പുലർച്ചെ 2.30ന് മിയാമി സ്റ്റേഡിയത്തിൽ നടക്കും, ജൂലൈ 20ന് പുലർച്ചെ 12.30ന് ന്യൂയോർക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തിലാണ് ലോകം കാത്തിരിക്കുന്ന ഫൈനൽ അരങ്ങേറുക.

