കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാലിന് വേണ്ടി കൊല്ലം റൂറൽ പോലീസിലെ നാല് ഉദ്യോഗസ്ഥർ പ്രചാരണത്തിൽ ഏർപ്പെട്ടുവെന്ന പരാതിയിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഇടതുപക്ഷ സംഘടനകളുടെ ഭാരവാഹികളായ ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും വിശദമായ അന്വേഷണം നടത്താൻ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായും കൊല്ലം റൂറൽ എസ്പി ഷാജി സുഗുണൻ അറിയിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് അസോസിയേഷൻ ഭാരവാഹികളായ നജിം, സുജിത്ത്, ചിന്തു, ശിവേഷ് എന്നിവർക്കെതിരെയാണ് അന്വേഷണം. ഇടതു സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചു.
എന്നാൽ, ഈ വീഡിയോ പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയതാണെന്നും അതിന്റെ ഭാഗങ്ങൾ ചില ഓൺലൈൻ മാധ്യമങ്ങൾ അവരുടെ അനുമതിയില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചതാണെന്നും അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു.ഇതിൽ അന്വേഷണം നടക്കുകയാണ്. അസോസിയേഷന്റെ വീഡിയോയിൽ ബാലഗോപാലിനെക്കുറിച്ചോ മറ്റു നേതാക്കളെക്കുറിച്ചോ പരാമർശമില്ലെന്നും അവർ പറയുന്നു.

