ചെന്നൈ : പ്രശസ്ത പിന്നണി ഗായിക എസ് ജാനകി അന്തരിച്ചു . 88 വയസായിരുന്നു. മൈസൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം . മാസങ്ങൾക്ക് മുൻപ് മകൻ മുരളീകൃഷ്ണ മരിച്ചതിനെത്തുടർന്ന് ജാനകി മാനസികമായി തളർന്നിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. അരലക്ഷത്തോളം ഗാനങ്ങൾ ആലപിച്ച് ആരാധകരുടെ മനസിൽ ഇടം നേടിയ ഗായികയാണ് ജാനകി.
ഗുണ്ടൂരിൽ സ്ഥിതി ചെയ്യുന്ന റെപ്പള്ളെ താലൂക്കിലെ പല്ലപട്ലയിലാണ് 1938 ഏപ്രിൽ 23 ന് ജാനകി ജനിച്ചത്. പിതാവ് സിസ്റ്റല ശ്രീരാമമൂർത്തി ആയുർവേദ ഡോക്ടറായിരുന്നു. ജാനകി ബാല്യത്തിന്റെ ഭൂരിഭാഗവും സിർസില്ലയിൽ ചെലവഴിച്ചു. ഒൻപത് വയസ്സുള്ളപ്പോൾ ആദ്യമായി സ്റ്റേജിൽ പ്രകടനം നടത്തി. പൈദിസ്വാമി എന്ന നാദസ്വര വിദ്വാനിൽ നിന്നാണ് സംഗീതത്തിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിച്ചതെങ്കിലും, ശാസ്ത്രീയ സംഗീതം ആഴത്തിൽ അഭ്യസിച്ചിട്ടില്ല.
ജാനകിയുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്കു വഹിച്ചു. അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം സംഗീത പഠനത്തിനായി പിൽക്കാലത്ത് മദ്രാസിലെത്തി. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയായത്. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു
1957ൽ 19ആം വയസിൽ വിധിയിൻ വിളയാട്ട് എന്ന തമിഴ് സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തെലുങ്ക് ചിത്രമായ എം.എൽ.എൽ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.1959 ൽ, ജാനകി വി രാംപ്രസാദിനെ വിവാഹം കഴിച്ചു, അദ്ദേഹം ജാനകിയ്ക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു. 1997 ൽ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു.
ജാനകിയമ്മ, ഗാന കോകില, ദക്ഷിണേന്ത്യയിലെ വാനമ്പാടി എന്നീ പേരുകളിലും ആരാധകരുടെ മനസിൽ അവർ ചിരപ്രതിഷ്ഠ നേടി . 2019 വരെ സജീവമായി സംഗീതരംഗത്തുണ്ടായിരുന്നു.ഇളയരാജ, കെ.വി. മഹാദേവൻ, ചക്രവർത്തി, രാജ്-കോടി, എം.എം. കീരവാണിയെപ്പോലുള്ള ഇതിഹാസങ്ങളുടെ സംഗീതത്തിന് എസ്.ജാനകി തൻ്റെ ശബ്ദം കൊണ്ട് കൂടുതൽ മാധുര്യം നൽകി.
മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാലു തവണയാണ് എസ്.ജാനകിക്ക് ലഭിച്ചത്. 1976-ൽ ഭാരതി രാജ സംവിധാനം ചെയ്ത `പതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ… എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്കാരം ലഭിച്ചത്. 1980-ൽ ഓപ്പോൾ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ… എന്ന ഗാനത്തിനും 1984-ൽ തെലുഗു ചിത്രമായ `സിതാര’യിൽ വെന്നല്ലോ ഗോദാരി ആനന്ദം… എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ൽ തമിഴ് ചിത്രമായ `തേവർമകനിൽ ഇഞ്ചി ഇടുപ്പഴകാ… എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് ദേശീയ അവാർഡുകൾ ലഭിച്ചത്.
മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് 14 തവണയും തമിഴ്നാട് സർക്കാരിൻറെ അവാർഡ് ഏഴു തവണയും ആന്ധ്രപ്രദേശ് സർക്കാരിൻറെ അവാർഡ് പത്തു തവണയും സ്വന്തമാക്കി. 2013 ൽ പത്മഭൂഷനും ലഭിച്ചു .എന്നാൽ വൈകി ലഭിച്ച പുരസ്ക്കാരമായതിനാൽ അത് എസ് ജാനകി സ്വീകരിച്ചിരുന്നില്ല. ഏക മകൻ മുരളീകൃഷ്ണ ഇക്കഴിഞ്ഞ ജനുവരിയിലാണ് അന്തരിച്ചത് .

