ന്യൂഡൽഹി ; വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം ടൂറിസ്റ്റ് സ്പീഡ് ബോട്ട് മറിഞ്ഞ് മലയാളികളടക്കം പതിനഞ്ച് ഇന്ത്യക്കാർ മരിച്ചു. വിയറ്റ്നാമീസ് സ്റ്റേറ്റ് മീഡിയയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. കൊട്ടാരക്കാര ആവിയോട്ട് ഹൗസിൽ എ.സി. തോമസും ഭാര്യ ലോവേനി തോമസുമാണ് മരിച്ച മലയാളികൾ. പത്ത് പേർ തമിഴ്നാട്ടിൽ നിന്നുള്ളവരും മൂന്ന് പേർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരുമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു
തെക്കൻ വിയറ്റ്നാമിലെ ഫു ക്വോക്കിന് സമീപമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഹോൺ മെയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെ 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമായി പോയ ബോട്ടാണ് മറിഞ്ഞത്. കൊട്ടാരക്കരയിലെ വിക്ടറി ഗ്രൂപ്പ് ഉടമയായ എ.വി.തോമസും ഭാര്യയും 3 ദിവസം മുൻപാണ് വിയറ്റ്നാമിലേക്കു പോയത്.
21 പേരെ നാവികസേനയും തീരദേശ സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് കടലിൽ നിന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി.ശക്തമായ തിരമാലകൾ രക്ഷാപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയതായും റിപ്പോർട്ടുണ്ട് . അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും ഹനോയിയിലെ ഇന്ത്യൻ എംബസിയും അടിയന്തര കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും ആവശ്യമായ സഹായം നൽകുന്നതിനുമായി പ്രത്യേക ഹെൽപ്പ്ലൈൻ നമ്പറുകളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.

