വാഷിംഗ്ടൺ : ഇറാനിൽ നിന്നും തനിക്ക് വധഭീഷണി ഉണ്ടെന്നും , തന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനെ തകർക്കാൻ യുഎസ് സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ‘1,000 മിസൈലുകൾ ലോക്ക് ചെയ്ത് ലോഡ് ചെയ്തിരിക്കുന്നു എന്നും കൊലപാതക ശ്രമമുണ്ടായാൽ ഇറാൻ വിനാശകരമായ പ്രതികരണം നേരിടേണ്ടിവരുമെന്നും ‘ ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറയുന്നു .
” അമേരിക്കൻ ഐക്യനാടുകളുടെ സിറ്റിംഗ് പ്രസിഡന്റിനെ വധിക്കാൻ ഇറാൻ നടത്തിയ ഭീഷണികൾ പ്രകാരം പ്രവർത്തിച്ചാൽ, ഒരു വർഷത്തിനുള്ളിൽ ഇറാന്റെ എല്ലാ പ്രദേശങ്ങളും പൂർണ്ണമായും നശിപ്പിക്കാൻ യുഎസ് സൈന്യം തയ്യാറാണ് . ഉത്തരവുകൾ ഇതിനകം നൽകിയിട്ടുണ്ട് . ഇറാന്റെ എല്ലാ പ്രദേശങ്ങളും പൂർണ്ണമായും നശിപ്പിക്കാൻ യുഎസ് സൈന്യം തയ്യാറാണ്, കഴിവുള്ളവരുമാണ്” ട്രംപ് പറയുന്നു.
ജൂൺ 17 ലെ വെടിനിർത്തൽ കരാറിന് പിന്നാലെ യുഎസ് പ്രസിഡന്റിന്റെ വധത്തിന് ഇറാൻ സ്പീക്കർമാർ ആഹ്വാനം ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനുള്ള മറുപടിയാണ് ട്രംപിന്റെ പരാമർശങ്ങൾ . ഫെബ്രുവരി 28 ന് പൊട്ടിപ്പുറപ്പെട്ട സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടരുമ്പോഴും, പ്രധാന ആഗോള കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിനെച്ചൊല്ലി അമേരിക്ക ഇറാനിൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.
വാണിജ്യ കപ്പലുകളുടെ സുരക്ഷ ഇറാൻ പരസ്യമായി ഉറപ്പ് നൽകണമെന്നും തന്ത്രപ്രധാനമായ ജലപാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ നിർത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു . അത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ തിരിച്ചടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

