‘അകലം പാലിക്കുക, ഇവിടെ പൊട്ടാത്ത മൈനുകൾ ഉണ്ടായിരിക്കാം‘. ഡാൽമേഷ്യൻ തീരത്തിന് സമീപത്തെ വെലെബിറ്റ് പർവതനിരകളുടെ താഴ്വരയിലുള്ള വിജനമായ ആ ഗ്രാമപ്രദേശത്ത് ഇന്നും തുരുമ്പിച്ച ഈ ബോർഡ് കാണാം. അവിടെ എന്നോ തകർന്ന് നാശാവശിഷ്ടമായി മാറിയ അനേകം വീടുകളിൽ ഒന്നിൽ നിന്നാണ്, ക്രൊയേഷ്യൻ ഫുട്ബോൾ ചരിത്രത്തിന്റെ ഭാഗധേയം സ്വന്തം കാലുകൾ കൊണ്ട് കുറിച്ചിട്ട ആ ചെറിയ വലിയ മനുഷ്യന്റെ യാത്ര ആരംഭിക്കുന്നത്. യുദ്ധം, ദാരിദ്ര്യം, യാതന, പരിഹാസം, അവഗണന എന്നിവയെ സ്വന്തം പോരാട്ടവീര്യവും സ്വതസിദ്ധമായ കേളീമികവും കൊണ്ട് ഇതിഹാസ രചനയുടെ ഉത്പ്രേരകമാക്കി മാറ്റിയ മഹാപ്രതിഭ. ലൂക്കാ മോഡ്രിച്ച്.
1985 സെപ്റ്റംബർ 9ന് ജനിച്ച ലൂക്കക്ക് കേവലം 6 വയസ്സ് പ്രായമുള്ളപ്പോൾ ക്രൊയേഷ്യൻ സ്വാതന്ത്ര്യ സമരം, ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറി. 1991ൽ കുഞ്ഞ് ലൂക്കയുടെ കണ്മുന്നിൽ വെച്ചാണ് സെർബ് സായുധ സേന അവന്റെ രക്ഷാകർത്താവായിരുന്ന മുത്തച്ഛൻ ലൂക്കാ മോഡ്രിച്ച് സീനിയറിനെ വെടിവെച്ച് വീഴ്ത്തിയത്. അതോടെ കുടുംബവും ബാല്യവും നഷ്ടമായ ലൂക്ക സദാറിലെ അഭയാർത്ഥി ക്യാമ്പിൽ എത്തിപ്പെട്ടു. നിലയ്ക്കാത്ത വെടിയൊച്ചകൾക്കും സ്ഫോടന ശബ്ദങ്ങൾക്കും നടുവിൽ നിസ്സഹായനായി നിന്ന ആ കുട്ടി, പട്ടിണിയും വിശപ്പും മറക്കാനാണ് നിർവീര്യമായ ഷെല്ലുകളുടെ അവശിഷ്ടങ്ങൾ കാലുകൊണ്ട് തട്ടിക്കളിക്കാൻ തുടങ്ങിയത്. ക്യാമ്പിന്റെ മതിൽക്കെട്ടിനുള്ളിൽ ഷെല്ലുകൾ തട്ടിക്കളിച്ച് വളർന്ന കൃശഗാത്രനും ഉയരം കുറഞ്ഞവനുമായ അവന്റെ കാലുകളിൽ കാലം തളച്ചിട്ടിരുന്നത്, വന്മരങ്ങളെ കടപുഴക്കാൻ ശേഷിയുള്ള കൊടുങ്കാറ്റുകളെയായിരുന്നു.
കൗമാരത്തിലെത്തിയപ്പോൾ ഷെല്ലുകൾക്ക് പകരം കാലം അവന്റെ കാൽക്കൽ ഒരു പന്ത് കൊണ്ടുവച്ചു. മെലിഞ്ഞ് ബലം കുറഞ്ഞ ശരീരപ്രകൃതിയുടെ പേരിൽ ആദ്യമൊക്കെ അവഗണിക്കപ്പെട്ടുവെങ്കിലും, മൈതാനത്ത് എതിർ ടീമിന്റെ നീക്കങ്ങളെ മുൻകൂട്ടി കാണാൻ ശേഷിയുള്ള കൂർമ്മബുദ്ധിയും ശരവേഗത്തിൽ പായാൻ കഴിയുന്ന കരുത്തുറ്റ കാൽപ്പാദങ്ങളും അവനെ പ്രാദേശിക ക്ലബ്ബായ ഡൈനാമോ സാഗ്രെബിൽ എത്തിച്ചു. അവിടെ നിന്നും ടോട്ടനം ഹോട്സ്പുറിലേക്കും പിന്നീട് സാക്ഷാൽ റയൽ മാഡ്രിഡിലേക്കും അവൻ പന്തുമായി ഓടിക്കയറി. മുഷിഞ്ഞ വസ്ത്രങ്ങളുമായി യുദ്ധം തകർത്ത ഗ്രാമഭൂവിൽ അലഞ്ഞു തിരിഞ്ഞ ഒരു ഇടയബാലൻ വിധിയെ വെല്ലുവിളിച്ച് ചരിത്രത്തെ കാൽച്ചുവട്ടിലാക്കിയ കഥയ്ക്ക് അവിടെ തുടക്കമായി.
ക്രൊയേഷ്യൻ ദേശീയ ടീമിന് വേണ്ടി ലോകകപ്പുകളിൽ ലൂക്ക നടത്തിയ പോരാട്ടങ്ങൾ ഐതിഹാസികമായിരുന്നു. 2006 ഫിഫ ലോകകപ്പിൽ ജപ്പാനെതിരെ പകരക്കാരനായി ആയിരുന്നു ലൂക്കയുടെ അരങ്ങേറ്റം. 2018 ലോകകപ്പിൽ ലൂക്ക നയിച്ച ക്രൊയേഷ്യൻ ടീം ഗ്രൂപ്പ് ഘട്ടത്തിൽ നൈജീരിയയെയും സാക്ഷാൽ അർജന്റീനയെയും തകർത്ത് മുന്നേറി. റൗണ്ട് ഓഫ് സിക്സ്റ്റീൻ ഷൂട്ടൗട്ടിൽ ഡെന്മാർക്കിനെയും ക്വാർട്ടറിൽ ആതിഥേയരായ റഷ്യയെയും വീഴ്ത്തിയ മോഡ്രിച്ചും സംഘവും സെമിയിൽ ഇംഗ്ലണ്ടിനെയും കെട്ടുകെട്ടിച്ച് ഫൈനലിൽ കടന്നു. എല്ലാ വിജയങ്ങളിലും നിർണായകമായത് മോഡ്രിച്ചിന്റെ പ്രകടനങ്ങളായിരുന്നു. എന്നാൽ ഫൈനലിൽ ഫ്രാൻസിനോട് 2-4ന്റെ തോൽവി വഴങ്ങിയതോടെ കിരീടം കൈമോശം വന്നുവെങ്കിലും, ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട ലൂക്ക മോഡ്രിച്ച് ഗോൾഡൻ ബോൾ പുരസ്കാരത്തിന് അർഹനായി. ലോക ഫുട്ബോളിലെ രണ്ടാം സ്ഥാനക്കാരായി നാട്ടിൽ മടങ്ങിയെത്തിയ മോഡ്രിച്ചിനും സംഘത്തിനും രാജ്യം വീരോചിതമായ വരവേൽപ്പാണ് നൽകിയത്.
2022 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യ മൊറോക്കോയെയും ബെൽജിയത്തെയും സമനിലയിൽ കുരുക്കി. തുടർന്ന് കാനഡയെ പരാജയപ്പെടുത്തി, റൗണ്ട് ഓഫ് സിക്സ്റ്റീനിൽ ജപ്പാനെയും വീഴ്ത്തി ക്വാർട്ടറിൽ എത്തിയ ക്രൊയേഷ്യക്ക് മുന്നിൽ സാക്ഷാൽ ബ്രസീലും വീണു. എന്നാൽ സെമിയിൽ അർജന്റീനയോട് പരാജയപ്പെട്ട ക്രൊയേഷ്യ, ലൂസേഴ്സ് ഫൈനലിൽ മൊറോക്കോയെ തകർത്ത് മൂന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ, ബ്രോൺസ് ബോൾ പുരസ്കാരം ലൂക്ക സ്വന്തമാക്കി.
ഇന്ന് നാൽപ്പതാം വയസ്സിൽ ക്രൊയേഷ്യക്ക് വേണ്ടി ബൂട്ട് കെട്ടുന്ന ലൂക്ക മോഡ്രിച്ചിന്, ഇത് തന്റെ കരിയറിലെ അഞ്ചാം ലോകകപ്പാണ്. ഇറ്റാലിയൻ ക്ലബ് എ സി മിലാന്റെ പൊന്നും വിലയുള്ള താരമായ ലൂക്കയെ ആരാധകർ സ്നേഹത്തോടെ ‘ലൂക്കിത‘ എന്നും, ആദരവോടെ മിഡ്ഫീൽഡ് മാസ്ട്രോ എന്നും വിളിക്കുന്നു. 2018ലെ ബാലൊൻ ദ്യോർ പുരസ്കാരം നേടിയ ലൂക്ക മോഡ്രിച്ചിന്റെ സ്വപ്നങ്ങളിൽ ഇപ്പോൾ മഞ്ഞ് പെയ്യിക്കുന്നത് രണ്ട് തവണ കൈയ്യകലത്തിൽ നഷ്ടമായ ലോക കിരീടമാണ്. മോഡ്രിച്ച് മനസ്സിൽ കാണുന്നത് മൈതാനത്ത് നടപ്പിലാക്കി ശീലിച്ച വിശ്വസ്തനായ പടത്തലവൻ ഇവാൻ പെരിസിച്ചിനും ഇത് അവസാന ലോകകപ്പ് ആയിരിക്കും. മോഡ്രിച്ചിന്റെ ദീർഘവീക്ഷണവും വേഗതയും പെരിസിച്ചിന്റെ കരുത്തും സമന്വയിച്ചാൽ, മൈതാനത്ത് അസാദ്ധ്യമായവ സാധിക്കും എന്ന് ക്രൊയേഷ്യൻ ആരാധകർ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു.
വീഡിയോ: https://www.youtube.com/watch?v=qR-jCmn2Zv8

