ലോകമെമ്പാടുമുള്ള കളിയാരാധകരിൽ ഭൂരിഭാഗവും ഫുട്ബോളിന്റെ പര്യായമായി നെഞ്ചിലേറ്റുന്ന ടീം. മൂന്ന് ഫിഫ ലോക കിരീടങ്ങളുമായി കാൽപ്പന്ത് കളിയുടെ കാൽപ്പനിക വിഹായസ്സിൽ കവിത രചിക്കുന്ന നീലക്കുരുവികളുടെ സംഘം. അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന പോരാളികളുടെ ഹൃദയതാളം. സ്റ്റെഫാനോയുടെ, മാറഡോണയുടെ, മെസ്സിയുടെ സ്വന്തം അർജന്റീന.
ലോക കിരീടവും ശിരസ്സിലേറ്റി ലയണെൽ മെസ്സിയും സംഘവും അമേരിക്കൻ ലോകകപ്പിൽ ബൂട്ട് കെട്ടുന്നത്, ചരിത്രത്താളുകളിൽ പുതിയ അദ്ധ്യായം എഴുതി ചേർക്കുന്നതിന് വേണ്ടിയാണ്. ലോകകപ്പ് നിലനിർത്തുന്ന ചരിത്രത്തിലെ മൂന്നാമത്തെ മാത്രം ടീമാകുക എന്നതാണ് അവരുടെ ഏറ്റവും വലിയ സ്വപ്നം. ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായി, ഫോമിന്റെ പരകോടിയിൽ നിൽക്കുന്ന അവർക്ക് ആ സ്വപ്നസാക്ഷാത്കാരം എന്നത് അസാധ്യമായ ഒന്നല്ല.
ലയണൽ സ്കലോണി എന്ന തന്ത്രശാലിയായ പരിശീലകന് കീഴിൽ, പരിചയസമ്പന്നരുടെയും യുവാക്കളുടെയും സന്തുലിതമായ ഒരു നിരയുമായാണ് അർജന്റീന ടൂർണമെന്റിന് എത്തിയിരിക്കുന്നത്. ആറാം ലോകകപ്പ് കളിക്കുന്ന നായകൻ മെസ്സി തന്നെയാണ് അർജന്റൈൻ ടീമിന്റെ നട്ടെല്ല്. എമിലിയാനോ മാർട്ടിനെസ്, നിക്കോളാസ് ഓട്ടമെൻഡി, റോഡ്രിഗോ ഡി പോൾ, ലൗട്ടാരോ മാർട്ടിനെസ് എന്നീ മുതിർന്ന താരങ്ങൾക്കൊപ്പം തിയാഗോ അൽമാഡ, നികോ പാസ് എന്നി യുവരക്തങ്ങൾ കൂടി ഒന്നിക്കുമ്പോൾ, എതിരാളികളെ ഭയപ്പെടുത്തുന്ന ചാമ്പ്യൻ നിരയായി അർജന്റീന മാറുന്നു.
മെസ്സിയെ മാത്രം ആശ്രയിക്കുന്ന സംഘമെന്ന നിലയിൽ നിന്നും, ഒത്തിണക്കവും കേളീമികവും കൊണ്ട് സ്വയം അടയാളപ്പെടുത്തുന്ന മാച്ച് വിന്നർമാരുടെ ഒരു ടീം എന്ന നിലയിലേക്ക് അർജന്റീനയെ മാറ്റിയെടുത്തത് തീർച്ചയായും ലയണൽ സ്കലോണിയുടെ തന്ത്രങ്ങളാണ്. 2022ൽ ഖത്തറിൽ മെസ്സിക്ക് വേണ്ടി കപ്പുയർത്താൻ വ്രതമെടുത്ത് പോരിനിറങ്ങിയ നീലപ്പടയുടെ കുറച്ച് കൂടി പരിഷ്കരിച്ച പതിപ്പിനെയാണ് ഇക്കുറി സ്കലോണി വാർത്തെടുത്തിരിക്കുന്നത്. ഖത്തർ ലോകകപ്പ് വിജയത്തിന് ശേഷം യോഗ്യതാ റൗണ്ട് ഉൾപ്പെടെ കളിച്ച 37 മത്സരങ്ങളിൽ വെറും അഞ്ച് തോൽവികൾ മാത്രമാണ് അർജന്റീനക്ക് നേരിടേണ്ടി വന്നത്.
യോഗ്യതാ റൗണ്ടിൽ 8 ഗോളുകളുമായി മുന്നിൽ നിന്ന് നയിച്ചുവെങ്കിലും, മെസി ഇല്ലാതെയാണ് അർജന്റീന ബ്രസീലിനെ മുട്ടുകുത്തിച്ചത് എന്നത് ശ്രദ്ധേയമാണ്. 4-4-2 എന്ന ശൈലിയാണ് സ്കലോണിക്ക് പഥ്യമെങ്കിലും, അത്യാവശ്യ ഘട്ടങ്ങളിൽ 4-3-3 എന്ന ആക്രമണോത്സുകമായ ശൈലിയിലേക്ക് ടീമിനെ പരിവർത്തനം ചെയ്യാൻ അദ്ദേഹത്തിന് അനായാസം സാധിക്കും.
മെസ്സിക്കൊപ്പം ജൂലിയൻ അൽവാരസിനാകും അർജന്റൈൻ ആക്രമണത്തിന്റെ പ്രധാന ചുമതല. മാർട്ടിനെസ്, അൽമാഡ, നിക്കോ ഗോൺസാലസ് എന്നിവരും ആക്രമണ നിരക്ക് കരുത്ത് പകരും. എൻസോ ഫെർണാണ്ടസ്, അലക്സ് മക്കലിസ്റ്റർ, ലിയാൻഡ്രോ പാരഡൈസ് എന്നിവർ മധ്യനിരയുടെ കരുത്താകും. ഡി പോൾ, നിക്കോ പാസ് എന്നിവർ മുന്നേറ്റ നിരയുടെയും മധ്യനിരയുടെയും അതിർവരമ്പുകളിൽ മൈതാനത്ത് പറന്ന് നിൽക്കും.
ഒട്ടമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോൾ ടാഗ്ലിയാഫിക്കോ, നഹൂൽ മൊളീനോ എന്നിവർ പ്രതിരോധ നിരയിൽ അണി നിരക്കും. മാർക്കോ സെനസിക്കും കൃത്യമായ സമയത്ത് അവസരം ലഭിക്കും. എമിലിയാനോ മാർട്ടിനെസ് തന്നെയാകും ഗോൾവല കാക്കുക.
അമേരിക്കയിൽ അർജന്റീന കളിക്കുന്നത് തങ്ങളുടെ പത്തൊൻപതാമത്തെ ലോകകപ്പാണ്. 1978ൽ സ്വന്തം നാട്ടിൽ സെസാർ ലൂയി മെനോട്ടി മെനഞ്ഞെടുത്ത ടീമാണ് അർജന്റീനക്ക് വേണ്ടി ആദ്യമായി ലോകകിരീടത്തിൽ മുത്തമിട്ടത്. 86ൽ ഇതിഹാസ താരം ഡീഗോ മാറഡോണ നയിച്ച ടീം രണ്ടാം കിരീടം ചൂടി. നാലാം കിരീടം ലക്ഷ്യമിട്ട് ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഫുട്ബോൾ ടീം അമേരിക്കൻ മൈതാനങ്ങളിൽ പന്ത് തട്ടുമ്പോൾ, പുൽപ്പടർപ്പുകളിൽ നീലജ്വാലകൾ പടരുമെന്നത് നിശ്ചയം.
വീഡിയോ: https://www.youtube.com/watch?v=8pcLakblmGM

