മയാമി: റൗണ്ട് ഓഫ് 32 കണ്ട ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്ന് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ, നവാഗതരായ കേപ് വെർദെയെ 2നെതിരെ 3 ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന പ്രീക്വാർട്ടറിൽ കടന്നു. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയെ വിറപ്പിച്ച ശേഷമാണ് കേപ് വെർദെ കീഴടങ്ങിയത്. അർജന്റീനയ്ക്കായി സൂപ്പർ താരം ലയണൽ മെസ്സി, ലിസാൻഡ്രോ മാർട്ടിനസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഡിനെയുടെ സെൽഫ് ഗോളും നേട്ടമായി. ഡിറോയ് ഡ്വാർട്ടെ, സിഡ്നി ലോപ്പസ് കബ്രാൾ എന്നിവരായിരുന്നു കേപ് വെർദെയുടെ ഗോൾ സ്കോറർമാർ.
മത്സരത്തിന്റെ 28ആം മിനിറ്റിൽ ലോംഗ് ബോളിൽ നിന്നും ലയണൽ മെസ്സി നേടിയ മനോഹരമായ ഗോളിലൂടെ അർജന്റീന അക്കൗണ്ട് തുറന്നു. 59-ാം മിനിറ്റിൽ റയാൻ മെൻഡിസിന്റെ ക്രോസിൽനിന്ന് ഡ്വാർട്ടെ നേടിയ ഗോളിലൂടെ കേപ് വെർദെ സമനില പിടിച്ചു. നിശ്ചിത സമയത്ത് സ്കോർ 1-1 എന്ന നിലയിൽ അവസാനിച്ചതൊടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിന്റെ മൂന്നാംമിനിറ്റിൽ കോർണറിൽ നിന്ന് ലഭിച്ച പന്ത് ലിസാൻഡ്രോ മാർട്ടിനെസ് ഗോളാക്കി മാറ്റിയതോടെ അർജന്റീന വീണ്ടും മുന്നിലെത്തി. എന്നാൽ 14-ാം മിനിറ്റിൽ സിഡ്നി ലോപ്പസിന്റെ ഒരു ലോങ് റേഞ്ച് ഷോട്ടിലൂടെ കേപ് വെർദെ വീണ്ടും ഒപ്പമെത്തി. ഒടുവിൽ എക്സ്ട്രാ ടൈമിന്റെ 21-ാം മിനിറ്റിൽ കോർണറിൽ നിന്നുള്ള ഡിനെയുടെ സെൽഫ് ഗോളിൽ അർജന്റീന കടന്ന് കൂടുകയായിരുന്നു. പ്രീക്വാർട്ടറിൽ ഈജിപ്തിനെയാണ് അർജന്റീന നേരിടുക.

