കോഴിക്കോട്: സാധുവായ രേഖകളില്ലാതെ കേരളത്തിൽ താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് വുൾഹുസൈൻ, മുഹമ്മദ് ഹസൻ അലി, മുഹമ്മദ് മെഹാദി ഹസൻ എന്നിവരാണ് കോഴിക്കോട് മാവൂരിൽ നിന്ന് അറസ്റ്റിലായത്. നിലവിൽ ഇവരെ ഐ ബി ചോദ്യം ചെയ്യുകയാണ്.
ഇന്ത്യയിൽ നിയമവിരുദ്ധമായി പ്രവേശിച്ചതിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇവരിൽ നിന്ന് കണ്ടെത്തിയ വ്യാജ തിരിച്ചറിയൽ രേഖകളുടെയും സിം കാർഡുകളുടെയും ഉറവിടം പോലീസ് അന്വേഷിക്കും . 20 ദിവസം മുൻപാണ് കേരളത്തിലെത്തിയതെന്നാണ് ഇവർ പറയുന്നത്. സംസ്ഥാനത്ത് അവർക്ക് മറ്റ് ബന്ധങ്ങളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് എത്തുന്നതിന് മുമ്പ് പ്രതികൾ മലപ്പുറത്തെ എടവണ്ണപ്പാറയിൽ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
ഇവരുടെ ഫോണുകളും മറ്റ് രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾക്ക് ജോലി നൽകിയ ആളുകളെയും പോലീസ് അന്വേഷിക്കും. മൂന്ന് പേരും നിർമ്മാണ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇന്നലെ രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

