ലക്നൗ : അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുകളിൽ പ്രതികരിച്ച് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. ബിജ്നോർ സന്ദർശന വേളയിലാണ് അദ്ദേഹം രാമക്ഷേത്ര ട്രസ്റ്റിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.
‘ ട്രസ്റ്റിൽ ഒരു മുസ്ലീമിനെ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ ഇന്ന് അയാൾ എൻകൗണ്ടറിൽ കൊല്ലപ്പെടുകയും , അയാളുടെ വീട് ബുൾഡോസർ കൊണ്ട് തകർക്കുകയും ചെയ്യുമായിരുന്നു. അത് എല്ലാവരും ആസ്വദിക്കുമായിരുന്നു ‘ എന്നാണ് ഒവൈസി പറയുന്നത്. വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയുടെ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കണമെന്നും ബിജ്നോർ നജിബാബാദിൽ നടന്ന യോഗത്തിൽ ഒവൈസി പറഞ്ഞു.
‘ യുപിയിൽ വീണ്ടും ബിജെപി സർക്കാർ വരുന്നത് കാണാൻ ഞങ്ങളുടെ പാർട്ടി ആഗ്രഹിക്കുന്നില്ല. ബിജെപിയെ തടയാൻ ഏതെങ്കിലും പാർട്ടി ഞങ്ങളുമായി സഖ്യം രൂപീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് ഞങ്ങൾ തയ്യാറാണെന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. ഒരു പാർട്ടിയെ രക്ഷിക്കാനോ, ഒരു നേതാവിന്റെ വിജയം ഉറപ്പിക്കാനോ ആയി ഇനി വോട്ടുകൾ നൽകരുത്,. ബഹുമാനത്തെ അടിസ്ഥാനമാക്കിയാണ് സഖ്യമെങ്കിൽ സഹകരിക്കാൻ ഞങ്ങൾ തയ്യാറാണ്.
ബിജെപിയെ നേരിടാൻ സമാനചിന്താഗതിക്കാരായ പാർട്ടികൾ ഒന്നിക്കണം.പള്ളികളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പലരും മൗനം പാലിച്ചു. നിയമസഭയിൽ മനസാക്ഷിയോടെ സംസാരിക്കാൻ കഴിയുന്നവരെ വേണം തെരഞ്ഞെടുക്കാൻ. രാജ്യത്തുടനീളമുള്ള മുസ്ലീം സമൂഹത്തിന് രാഷ്ട്രീയനേതൃത്വം നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം. “ എന്നും ഒവൈസി പറഞ്ഞു.

