ഡബ്ലിൻ: അയർലൻഡ്- ഇസ്രായേൽ ഫുട്ബോൾ ലീഗ് മത്സരം നടക്കും. ഇക്കാര്യം ഫുട്ബോൾ അസോസിയേഷൻ ഓഫ് അയർലൻഡ് സ്ഥിരീകരിച്ചു. ഒക്ടോബർ നാലിനാണ് മത്സരങ്ങൾ നടക്കുക. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരം തടയണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നു. ഇതിനെ അവഗണിച്ചുകൊണ്ടാണ് മത്സരങ്ങളുമായി അസോസിയേഷൻ മുന്നോട്ട് പോകുന്നത്.
സെർബിയയിലാണ് മത്സരങ്ങൾ നടക്കുന്നത്. ബാക്ക ടോപോള പട്ടണത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടക്കുകയെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അസോസിയേഷൻ സ്ഥിരീകരിച്ചു. ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യം ആയിരുന്നു ഉയർന്നുവന്നത്. രാഷ്ട്രീയക്കാർ ഉൾപ്പെടെ ഈ ആവശ്യം ഉന്നയിക്കുകയും, ഇത് സംബന്ധിച്ച് ഡെയ്ലിൽ പ്രമേയം കൊണ്ടുവരുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തിരുന്നു.

