ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം ചടങ്ങുകളിൽ പങ്കെടുക്കാൻ രാജ്യത്ത് നിന്ന് ഉന്നതതല പ്രതിനിധി സംഘത്തെ അയയ്ക്കാൻ തീരുമാനിച്ചു.
ബീഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ഇന്ത്യൻ സംഘത്തെ നയിക്കും. വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഒരു സംഘവും ഇറാനിലേക്ക് അവരെ അനുഗമിക്കും. കഴിഞ്ഞയാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനാണ് സംസ്ക്കാരചടങ്ങിലേയ്ക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചത്.
ജൂലൈ 4 മുതൽ ജൂലൈ 9 വരെ ഇറാനിലുടനീളം വിവിധ പരിപാടികൾക്കൊപ്പമാണ് ശവസംസ്കാര ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത് . ഫെബ്രുവരി 28 ന് നടന്ന യുഎസ് -ഇസ്രായേൽ ആക്രമണത്തിലാണ് അയത്തുള്ള ഖമേനി കൊല്ലപ്പെട്ടത്. തുടർന്ന് മേഖലയിലെ സംഘർഷം വർദ്ധിച്ചതിനാൽ മാസങ്ങളോളം അന്ത്യകർമങ്ങൾ മാറ്റിവയ്ക്കേണ്ടി വന്നു . വിശുദ്ധ നഗരമായ കോം ഉൾപ്പെടെ നിരവധി പുണ്യസ്ഥലങ്ങളിലൂടെ ശവസംസ്കാര ഘോഷയാത്ര കടന്നുപോകുമെന്നാണ് സൂചന. തുടർന്നുള്ള ചടങ്ങുകൾ മഷ്ഹാദിലാകും നടക്കുക.
അതേസമയം, ഇറാന്റെ പുതുതായി നിയമിതനായ പരമോന്നത നേതാവ് മൊജ്തബ ഖമേനി പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. പുതിയ നേതാവ് സ്ഥാനമേറ്റതിനുശേഷം പൊതുജനങ്ങളുടെ ശ്രദ്ധയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയാണ്. ഫെബ്രുവരി 28 ന് നടന്ന അതേ ആക്രമണത്തിൽ മൊജ്തബ ഖമേനിയുടെ മുഖത്തും കാലുകളിലും ഗുരുതരമായ പരിക്കുകൾ ഉണ്ടായതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ടുകൾ മുമ്പ് സ്ഥിരീകരിച്ചിരുന്നു.

