തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ . സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള ചർച്ചകൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സർക്കാർ ധാതുമണൽ വിഭവങ്ങൾ സ്വകാര്യവൽക്കരിക്കാൻ പദ്ധതിയിടുന്നുവെന്ന പ്രചാരണം തെറ്റാണെന്നും സതീശൻ പറഞ്ഞു.
“ബജറ്റിൽ എവിടെയാണ് ഇതുപോലുള്ള കാര്യങ്ങൾ പരാമർശിക്കുന്നത്? പ്രതിപക്ഷം അടിസ്ഥാനരഹിതമായ കഥകൾ പ്രചരിപ്പിക്കുകയാണ് . പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സർക്കാരിന് പദ്ധതിയില്ല .പൊതുമേഖലാ സ്ഥാപനങ്ങൾ ഞങ്ങൾ അടച്ചുപൂട്ടുന്നില്ല. കെഎസ്ആർടിസിയെ ഞങ്ങൾ സ്വാശ്രയമാക്കും. ബജറ്റിൽ പരാമർശിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ ഇന്നത്തെ കാലത്തിന് അനുയോജ്യമാണ്. സമഗ്രമായ മാറ്റങ്ങൾ ആവശ്യമാണ് . പൊതുജനങ്ങൾക്ക് അധിക ഭാരം വരുത്താതെ വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ജനങ്ങളുടെ പോക്കറ്റ് കാലിയാക്കാതെ ഞങ്ങൾ ഖജനാവ് നിറയ്ക്കും. സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിക്കാതെ നികുതിദായകരുടെ പണം ഞങ്ങൾ ചെലവഴിക്കില്ല. കെഎസ്ഇബിയെ നഷ്ടത്തിലേക്ക് തള്ളിവിട്ടതിന് എൽഡിഎഫാണ് ഉത്തരവാദി. സപ്ലൈകോയെ ലാഭകരമാക്കും. സപ്ലൈകോയിൽ സപ്ലൈ ചെയിൻ മാനേജ്മെന്റ് അവതരിപ്പിക്കും . സാമ്പത്തിക വളർച്ച വർദ്ധിപ്പിച്ചുകൊണ്ട് ഞങ്ങൾ ഖജനാവ് നിറയ്ക്കും. മാറുന്ന ലോകത്തിനനുസരിച്ച് ഞങ്ങൾ കേരളത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നു.
സംസ്ഥാനത്തിന്റെ സാധ്യതകൾ പഠിച്ച ശേഷമാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത് . പ്രവാസികളുടെ പങ്കാളിത്തം സർക്കാർ ആഗ്രഹിക്കുന്നു. സാധാരണ പ്രവാസികളെ കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാക്കും. വിദേശ ജീവിതത്തിൽ നിന്ന് മടങ്ങിയെത്തിയ ശേഷം നിരവധി ആളുകൾ ബുദ്ധിമുട്ടുന്നു. അവരുടെ ഭാവി സുരക്ഷിതമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” മുഖ്യമന്ത്രി പറഞ്ഞു.

