ടെഹ്റാൻ: സമാധാന കരാർ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ, ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് നീക്കം. ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 20-ലധികം പേർ കൊല്ലപ്പെട്ടു. ഇറാനും അമേരിക്കയും തമ്മിൽ ഒപ്പുവച്ച വെടിനിർത്തൽ കരാറും ഇതേ തുടർന്ന് സമ്മർദ്ദത്തിലായി. കരാർ പ്രകാരം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് 60 ദിവസത്തേക്ക് ഫീസ് ഒഴിവാക്കുമെന്ന് ഇറാൻ സമ്മതിച്ചിരുന്നു.
അതേസമയം, ഇറാൻ കരാർ തുടരുമെന്ന് വിശ്വസിക്കുന്നതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതിന് തെളിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ കരാറിലെ നിബന്ധനകൾ പാലിച്ചുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തെ പറഞ്ഞിരുന്നു. കരാറിനെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്കായി ഇറാനിയൻ പ്രതിനിധി സംഘം സ്വിറ്റ്സർലൻഡിലേക്ക് പോകുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ലെബനനിലെ ആക്രമണങ്ങൾ തടയാൻ ഇസ്രായേലിനുമേൽ സമ്മർദ്ദം ചെലുത്തേണ്ട ഉത്തരവാദിത്തം അമേരിക്കയ്ക്കുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്ക് ശേഷം ലെബനനിലെ നബതിഹ് മേഖലയിൽ ഇസ്രായേലി യുദ്ധവിമാനങ്ങളും ഡ്രോണുകളും തുടർച്ചയായ ആക്രമണങ്ങൾ നടത്തിയതായി ലെബനന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങളിൽ കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

