ലക്നൗ ; അയോധ്യ രാമക്ഷേത്രത്തിലെ നിർമ്മാണത്തിനിടെ ലഭിച്ച 60 കിലോ വെള്ളിക്കല്ലുകളുടെയും, ജൗൻപൂരിലെ വിശ്വകർമ കുടുംബം സംഭാവന ചെയ്ത മാലയുടെയും രേഖകൾ കാണാതായതായി റിപ്പോർട്ട്. രാമക്ഷേത്രത്തിലെ വഴിപാട് പണവും, വസ്തുക്കളും നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന എസ് ഐ ടി ഇത് സംബന്ധിച്ച രേഖകൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അന്വേഷണം ആരംഭിച്ച് ആറ് ദിവസം പിന്നിടുമ്പോഴാണ് പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്. രാമക്ഷേത്ര നിർമ്മാണത്തിനിടെ അടിത്തറയിൽ സ്ഥാപിക്കാൻ ജ്വല്ലേഴ്സ് അസോസിയേഷനാണ് 60 കിലോ വെള്ളി കല്ലുകൾ സംഭാവനയായി നൽകിയത്. രാമക്ഷേത്ര ട്രസ്റ്റിന് വെള്ളിക്കല്ലുകൾ കൈമാറിയതിന്റെ രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്ന് ജ്വല്ലേഴ്സ് അസോസിയേഷൻ പറയുന്നു. രാജ്യത്തുടനീളമുള്ള ജ്വല്ലറികളുടെ സഹായത്തോടെയാണ് ഈ കല്ലുകൾ തയ്യാറാക്കിയതെന്ന് സംഘടനയുടെ പ്രസിഡന്റ് അനുരാഗ് റസ്തോഗി പറഞ്ഞു. എന്നാൽ ശിലാസ്ഥാപന ചടങ്ങിലും, നിർമ്മാണ പ്രക്രിയയിലും ഈ കല്ലുകൾ കാണാനായില്ലെന്നും അദ്ദേഹം പറയുന്നു.
ഈ വെള്ളിക്കല്ലുകൾ എന്ത് ചെയ്തുവെന്ന് അറിയാൻ രാം ശങ്കർ യാദവ്, കൃഷ്ണദേവ് തിവാരി, രാം ലല്ലയുടെ നാലു പുരോഹിതന്മാർ എന്നിവരെ എസ് ഐ ടി ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ ആഭരണങ്ങളുടെയും, വഴിപാടുകളുടെയും മേൽനോട്ടം വഹിക്കുന്ന കൃഷ്ണദേവ് തിവാരി വെള്ളിക്കല്ലുകൾ, പാദുകം, മാല എന്നിവയെ പറ്റി തനിക്ക് അറിയില്ലെന്നാണ് പറയുന്നത്.
പ്രാണപ്രതിഷ്ഠയ്ക്കിടെ ജൗൻപൂരിലെ വിശ്വകർമ്മ കുടുംബം നൽകിയ വിലയേറിയ മാലകളുടെയും, ചരൺ പാദുകത്തിന്റെയും രേഖകളും കണ്ടെത്താനായിട്ടില്ല. രാം ലല്ലയ്ക്ക് ചാർത്തിയ ശേഷം മാല തിരികെ ടിന്നു യാദവിന് തന്നെ തിരികെ നൽകിയതായി പുരോഹിതൻ മോഹിത് പാണ്ഡെ എസ് ഐ ടിയോട് പറഞ്ഞു. ഇഷ്ടികകളാക്കി ഉരുക്കാൻ മാല ബെംഗളൂരുവിലേയ്ക്ക് അയച്ചതായാണ് ടിന്നു പറയുന്നത്. എന്നാൽ ബെംഗളൂരുവിലേയ്ക്ക് ഇത് അയച്ചതുമായി ബന്ധപ്പെട്ട രേഖകളോ രസീതുകളോ ലഭിച്ചിട്ടില്ല. രേഖകൾ ശേഖരിക്കുന്നതിനായി അന്വേഷണസംഘം ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പുരോഹിതന്മാരെയും ചോദ്യം ചെയ്യുന്നുണ്ട്.
രണ്ട് ദിവസം മുൻപ് റോകാഡിയ ഹനുമാൻ ക്ഷേത്രത്തിലെ ആചാര്യ വിനോദ് മിശ്ര ജൗൻപൂരിൽ നിന്നുള്ള അജയ് വിശ്വകർമ്മയും , കുടുംബവും ടിന്നു യാദവ് വഴി രാം ലല്ലയ്ക്ക് മാല സമർപ്പിച്ചതായും പറഞ്ഞിരുന്നു. മാലയിൽ പന്ത്രണ്ട് ജ്യോതിർലിംഗങ്ങൾ കൊത്തിവച്ചിരുന്നു. ചരൺ പാദുകത്തിൽ 64 കാൽപ്പാടുകൾ ആലേഖനം ചെയ്തിരുന്നു. മാല ധരിച്ച രാം ലല്ലയുടെ ഫോട്ടോ തങ്ങൾക്ക് നൽകാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു. അജയ് വിശ്വകർമ്മ മുംബൈയിൽ വച്ച് പ്രത്യേകം നിർമ്മിച്ചതാണ് ഈ ആഭരണങ്ങൾ . എന്നാൽ മാലയുടെയും ചരൺ പാദുകത്തിന്റെയും ഒരു രേഖയും ലഭ്യമല്ല, അവ എത്തിച്ചതിന് ഔദ്യോഗിക രസീതും ഇല്ല എന്നതാണ് എസ് ഐ ടിയെ കുഴയ്ക്കുന്നത്.

