ഇസ്ലാമാബാദ്: പാകിസ്താൻ ഓൾ റൗണ്ടർ ഇമാദ് വാസിം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഒരിടവേളക്ക് ശേഷം, കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലൂടെ മടങ്ങിവരവ് നടത്തിയ താരം, തന്റെ ഒൻപത് വർഷം നീണ്ട കരിയറിനാണ് വിരാമമിടുന്നത്.
2017ൽ പാകിസ്താനെ ചാമ്പ്യൻസ് ട്രോഫി ജേതാക്കളാക്കിയതിൽ നിർണായക പങ്ക് വഹിച്ച താരമാണ് വാസിം. കഴിഞ്ഞ പാകിസ്താൻ സൂപ്പർ ലീഗിലെ ശക്തമായ പ്രകടനത്തെ തുടർന്നാണ് അദ്ദേഹം ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പരിമിത ഓവർ സ്പെഷ്യലിസ്റ്റ് ആയി അറിയപ്പെടുന്ന ഇമാദ് വാസിം ആകെ 130 അന്താരാഷ്ട്ര മത്സരങ്ങളിൽ പാക് ജേഴ്സി അണിഞ്ഞിട്ടുണ്ട്. തന്റെ മുപ്പത്തിയഞ്ചാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയുന്നുവെങ്കിലും, ആഭ്യന്തര ക്രിക്കറ്റിലും ലീഗുകളിലും തുടർന്നും കളിക്കുമെന്നും ഇമാദ് വാസിം വ്യക്തമാക്കി.
കഴിഞ്ഞ ജൂണിൽ അമേരിക്കയിൽ വെച്ച് നടന്ന ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരെയായിരുന്നു വാസിമിന്റെ അവസാന അന്താരാഷ്ട്ര മത്സരം. 75 ട്വന്റി 20 മത്സരങ്ങളിൽ നിന്നുമായി 73 വിക്കറ്റുകൾ നേടിയിട്ടുള്ള ഈ സ്പിൻ ഓൾ റൗണ്ടർ, 554 റൺസും തന്റെ പേരിൽ കുറിച്ചിട്ടുണ്ട്. 2015ൽ സിംബാബ്വെക്കെതിരെ ലാഹോറിൽ നടന്ന ട്വന്റി 20 മത്സരം ആയിരുന്നു ഇമാദ് വാസിമിന്റെ ആദ്യ അന്താരാഷ്ട്ര മത്സരം.