ന്യൂഡൽഹി : ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലായ മാരിവെക്സിന് നേരെ ആക്രമണം . തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം . കപ്പലിൽ തീപിടിത്തമുണ്ടായി . 24 ഇന്ത്യൻ നാവികരാണ് കപ്പലിൽ ഉള്ളത്. നാവികർ സുരക്ഷിതരാണെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നതായി ഷിപ്പിംഗ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
ഹോർമുസ് കടലിടുക്കിന് സമീപത്താണ് കപ്പൽ നിലവിലുള്ളത്. മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ സംഘർഷഭരിതമായ സാഹചര്യത്തിലാണ് പുതിയ സാഹചര്യവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ഇസ്രയേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യൻ കടൽമാർഗങ്ങളിൽ സുരക്ഷാ ഭീഷണി ഉയർന്നിരിക്കുകയാണ്.തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്നും അന്വേഷിച്ചുവരികയാണെന്നും ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടർ ഒപ്പേഷ് കുമാർ ശർമ്മ പറഞ്ഞു. ടാങ്കറിൽ ചരക്കുകളൊന്നും ഇല്ലെന്നാണ് സൂചന . സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഷിപ്പിംഗ് മന്ത്രാലയം വിദേശകാര്യ മന്ത്രാലയവുമായും കപ്പലിന്റെ ഉടമയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഒപ്പേഷ് കുമാർ ശർമ്മ പറഞ്ഞു.
മറൈൻ ട്രാഫിക്കിൽ നിന്നുള്ള കപ്പൽ ട്രാക്കിംഗ് ഡാറ്റ പ്രകാരം, മാരിവെക്സ് ഇന്ത്യയുടെ കാർവാറിൽ നിന്ന് ഒമാനിലെ ദുഖ്മിലേക്ക് പോകുകയായിരുന്നു.

