തിരുവനന്തപുരം ; സാംക്രമിക രോഗ വ്യാപനത്തിൽ സംസ്ഥാനത്ത് ദുരന്തസമാന സാഹചര്യമെന്ന് ആരോഗ്യവകുപ്പ്. കാലാവസ്ഥയിലുള്ള പെട്ടെന്നുള്ള മാറ്റങ്ങൾ കാരണം എച്ച് 1 എൻ 1 , ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻ ഗുനിയ , മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ 2017 ന് സമാനമായി വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ദുരന്ത സാഹചര്യങ്ങളിലേത് പോലെ വിവിധ വകുപ്പുകൾ ചേർന്ന് പ്രവർത്തിച്ച് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കണമെന്ന് മന്ത്രിതല യോഗത്തിൽ നിർദേശം നൽകി.
ജല-ഭക്ഷണ ജന്യരോഗമായ ഷിഗെല്ല ബാധിച്ച് കോഴിക്കോട്ട് ഒരു കുട്ടി മരിക്കുകയും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രോഗം കൂടുതൽ പേരിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യ ഭക്ഷ്യ സുരക്ഷ തദ്ദേശവകുപ്പുകളോട് കർശന പരിശോധനയ്ക്കും നിർദേശം നൽകി. ആലപ്പുഴയിൽ ഷിഗെല്ല ബാധയ്ക്ക് കാരണമായ ബാക്ടീരിയയുടെ ഉറവിടം കണ്ടെത്തിയെങ്കിലും കോഴിക്കോട്ടെ ഉറവിടം കണ്ടെത്താനായില്ല.
തിരുവനന്തപുരം , എറണാകുളം, തൃശൂർ ജില്ലകളിൽ ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻ ഗുനിയ തുടങ്ങിയ രോഗങ്ങൾക്ക് വലിയ സാധ്യതയുണ്ട്. വിവിധ വകുപ്പുകൾ ചേർന്ന് മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിർദേശം നൽകിയിരുന്നു.

