തിരുവനന്തപുരം : കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി തുടക്കത്തിൽ നടപ്പാക്കുക ഓർഡിനറി ബസുകളിൽ മാത്രം. മുഖ്യമന്ത്രി വി ഡി സതീശനും, ഗതാഗത മന്ത്രി സിപി ജോണും തമ്മിലുള്ള ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
ആദ്യം 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കും. ഇതിനു ശേഷം കാര്യങ്ങൾ പഠിച്ച ശേഷം മറ്റ് ബസുകളിൽ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും . കെ എസ് ആർ ടി സിയ്ക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുന്നത് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തി. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കെ എസ് ആർ ടി സിയിലെ സൗജന്യ യാത്ര. ഏതൊക്കെ ബസിൽ പദ്ധതി നടപ്പാക്കിയാൽ എത്ര രൂപ വീതം ചിലവ് വരുമെന്ന കണക്കുകൾ കെ എസ് ആർ ടി സി കൈമാറിയിരുന്നു. മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ 3 മാസത്തെ നഷ്ടം 112 കോടിയാണ്.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള സാമ്പത്തിക നഷ്ടത്തെ കുറിച്ചുള്ള കണക്കുകൾ ഗതാഗതസെക്രട്ടറിയ്ക്ക് നേരത്തെ കൈമാറിയിരുന്നു . മൂന്ന് മാസത്തെ കണക്കുകൾ പ്രകാരം ഓർഡിനറി ബസുകളിൽ 57 കോടിയും, സിറ്റി ഫാസ്റ്റ് ബസുകളിൽ 65 കോടിയും, ഓർഡിനറി , ഫാസ്റ്റ് , സൂപ്പർ ഫാസ്റ്റ് ബസുകളിൽ 90 കോടിയുമാകും നഷ്ടം വരിക .മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ നഷ്ടം 112 കോടി രൂപയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
12 ലക്ഷത്തോളം സ്ത്രീകളാണ് പ്രതിദിനം കെ എസ് ആർടി സിയിൽ യാത്ര ചെയ്യുന്നത് . ഇവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താനായി ബസുകളിൽ നിലവിൽ ജെൻഡർ ടിക്കറ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് . കർണാടകയിലും, തമിഴ്നാട്ടിലും ഇതിനോടകം സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. കർണാടകയിൽ എസി , സ്ലീപ്പർ ബസുകളിൽ സൗജന്യ യാത്ര ഒഴിവാക്കിയിട്ടുണ്ട് . തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് സൗജന്യ യാത്ര .

