ഡബ്ലിൻ: ശുക്രൻ വ്യാഴത്തിന് സമീപത്തുകൂടി കടന്നുപോകുന്ന കാഴചയ്ക്ക് സാക്ഷിയാകാൻ അയർലൻഡ്. ചൊവ്വാഴ്ച ഈ ദൃശ്യം അയർലൻഡിന്റെ ആകാശത്ത് ദൃശ്യമാകുമെന്നാണ് ജ്യോതിശാസ്ത്രജ്ഞനും അസ്ട്രോണമി ഐർലൻഡ് മാസികയുടെ എഡിറ്ററുമായ ഡേവിഡ് മൂർ പറയുന്നത്. ചൊവ്വാഴ്ച സൂര്യാസ്തമയം മുതൽ രണ്ട് ഗ്രഹങ്ങളും ഏറ്റവും അടുത്തായ് ജ്വലിക്കുന്നത് കാണാൻ സാധിക്കും.
നഗ്ന നേത്രങ്ങൾ കൊണ്ടു കാണാൻ സാധിക്കുന്ന അപൂർവ്വ പ്രതിഭാസം എന്നാണ് ജ്യോതിശാസ്ത്രജ്ഞർ ഈ സംഘമത്തെ വിശേഷിപ്പിക്കുന്നത്. വളരെ തിളക്കമേറിയ സംഘമത്തിനാണ് ആകാശം സാക്ഷിയാകാൻ പോകുന്നത് എന്ന് ഡേവിഡ് മൂർ പറഞ്ഞു. കാരണം സൗരയൂഥത്തിലെ ഏറ്റവും തിളക്കമേറിയ ഗ്രഹങ്ങളാണ് രണ്ടും. അതുകൊണ്ട് തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് ഇവയുടെ സംഘമം വളരെ വ്യക്തമായി കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

