ഇസ്ലാമാബാദ് ; ഇറാനും , യുഎസും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച പാകിസ്ഥാനെ പ്രശംസിച്ച് പാകിസ്ഥാനിലെ യുഎസ് ചാർജ് ഡി അഫയേഴ്സ് നതാലി എ. ബേക്കർ. പാകിസ്ഥാന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളാണിതെന്നാണ് നതാലി എ ബേക്കർ പറയുന്നത് . ദീർഘകാലമായി എതിരാളികളായി നിന്നവർ തമ്മിലുള്ള സംഭാഷണം സാധ്യമാക്കുന്നതിൽ പാകിസ്ഥാൻ നിർണ്ണായക പങ്ക് വഹിച്ചതായും നതാലി ചൂണ്ടിക്കാട്ടി.
അമേരിക്കൻ സ്വാതന്ത്യ്രദിനവുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു നതാലി. ‘ 1979 ലെ ഇറാൻ വിപ്ലവത്തിനു ശേഷം ഇറാൻ -യുഎസ് സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാന് കഴിഞ്ഞു . ആധുനിക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ സംഭവമാണിത് . ഇരു രാജ്യത്തിന്റെയും പ്രതിനിധികൾ തമ്മിലുള്ള ചർച്ച ഏകദേശം 21 മണിക്കൂർ നീണ്ടു നിന്നു. ശക്തമായ സുരക്ഷ ഉറപ്പാക്കാൻ പാകിസ്ഥാൻ പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
പാകിസ്ഥാൻ യുഎസുമായും, ഇറാനുമായും നല്ല ബന്ധം പുലർത്തുന്നുണ്ട് , മാത്രമല്ല തർക്കത്തിൽ അവർ നേരിട്ടുള്ള കക്ഷിയുമല്ല . ഇതാണ് പാകിസ്ഥാനെ അനുയോജ്യമായ മധ്യസ്ഥ രാജ്യമാക്കി മാറ്റിയത്. ചർച്ചകളിൽ യുഎസ് പ്രതിനിധി സംഘത്തിന് പാകിസ്ഥാൻ നൽകുന്ന പിന്തുണ വലുതാണ് . പാകിസ്ഥാൻ ഉദ്യോഗസ്ഥരുടെ പങ്കിനെയും അഭിനന്ദിച്ചായിരുന്നു നതാലിയുടെ പ്രസംഗം.
യുഎസ് , ഇറാൻ പ്രതിനിധികൾ മുഖത്തോട് മുഖം ഇരിക്കുന്നത് തന്നെ വിശ്വസിക്കാൻ പ്രയാസമായിരുന്നു. ആ കാര്യത്തിൽ പാകിസ്ഥാന് അഭിമാനിക്കാം . രാജ്യം അതിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നുണ്ട്.ശക്തമായ പാകിസ്ഥാൻ യുഎസിനും, ശക്തമായ യുഎസ് പാകിസ്ഥാന് ഗുണകരമാണെന്നും അവർ പറഞ്ഞു.
2025 ൽ ഇന്ത്യയ്ക്കും , പാകിസ്ഥാനും ഇടയിൽ ഉടലെടുത്ത സംഘർഷങ്ങളെ പറ്റിയും അവർ പരാമർശിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിലൂടെ പാകിസ്ഥാൻ നേതൃത്വം അക്കാലത്ത് വിവേകം പ്രകടിപ്പിച്ചുവെന്നാണ് നതാലി ചൂണ്ടിക്കാട്ടിയത്.

