പാലക്കാട്: ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂൾ കുട്ടികളുടെ മേലേക്ക് ലോറി പാഞ്ഞുകയറി നാല് പേർ മരിച്ചു. മണ്ണാർക്കാട് കരിമ്പ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത,റിദ, ആയിഷ എന്നിവരാണ് മരിച്ചത്. നാല് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
സിമന്റുമായി വന്ന ലോറി കുട്ടികളുടെ മേലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. അരമണിക്കൂറിലേറെ നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിലാണ് കുട്ടികളെ പുറത്തെടുത്തത്. മൃതദേഹങ്ങൾ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്.
കടയിൽ നിന്ന് മിഠായി വാങ്ങി വരികയായിരുന്ന കുട്ടികളുടെ മേലേക്ക്, സിമന്റുമായെത്തിയ ലോറി കാറുമായിടിച്ച് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. ലോറി വരുന്നതുകണ്ട് മതിൽ ചാടിക്കടന്നതിനാലാണ് ഒരു കുട്ടി രക്ഷപ്പെട്ടത്.
ദുരന്തമുണ്ടായ പനയമ്പാടം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറയുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടത്തിന് കാരണമെന്നാരോപിച്ച് സംഭവസ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും അനുശോചനം രേഖപ്പെടുത്തി.