കൊല്ലം: നടി അനുശ്രീയുടെ അച്ഛന്റെ കാർ മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി കറങ്ങി നടന്ന് റബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയിരുന്നയാളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു . സംസ്ഥാനത്തുടനീളമുള്ള ഒട്ടേറെ മോഷണ കേസുകളിലെ പ്രതി തിരുവനന്തപുരം നെടുമങ്ങാട് തെന്നൂർ നരിക്കൽ പ്രബിൻ ഭവനിൽ ആർ പ്രബിൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 94,000 രൂപയും കാർ മോഷ്ടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു.
കഴിഞ്ഞ 7 ന് രാത്രി 12 നാന് അനുശ്രീയുടെ അച്ഛൻ മുരളീധരൻ പിള്ളയുടെ പേരിലുള്ള കാറാണ് ഇഞ്ചക്കാട്ടെ സെക്കന്റ് ഹാൻഡ് കാർ വിൽപ്പന ഷോറൂമിൽ നിന്ന് മോഷണം പോയത്. ഈ കേസിൽ നടന്ന അന്വേഷണമാണ് പ്രബിനെ കുടുക്കിയത്.
മോഷ്ടിച്ച കാറുമായി തിരുവനന്തപുരത്തേക്ക് പോയ പ്രബിൻ കടയ്ക്കലിൽ വർക്ഷോപ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ നമ്പർപ്ലേറ്റ് ഇളക്കിയെടുത്ത് കാറിൽ പിടിപ്പിച്ചു യാത്ര തുടർന്നു . വെള്ളറടയിലെ റബർ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് നിന്ന് 500 കിലോയിലേറെ റബർ ഷീറ്റും 7000 രൂപയും മോഷ്ടിച്ചു. റബർ ഷീറ്റ് വിറ്റ ശേഷം അന്ന് രാത്രി കാറിൽ തന്നെ തങ്ങി. അടുത്ത ദിവസം പത്തനംതിട്ട പെരിനാട്ടെ റബർ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 400 കിലോയിലേറെ റബർ ഷീറ്റ് മോഷ്ടിച്ച് പൊൻകുന്നത്ത് വിറ്റു. ഈ പണവുമായി പെൺസുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ പാലായിൽ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി.
ഇതോടെ കാർ ആളൊഴിഞ്ഞ പുരയിടത്തിൽ ഇട്ട ശേഷം ബസിൽ തിരുവനന്തപുരത്തേക്ക് പോയി. തിരുവനന്തപുരത്ത് വച്ചിരുന്ന സ്വന്തം മോട്ടോർ സൈക്കിളിൽ കോഴിക്കോട്ടേക്ക് പോകും വഴി കൊട്ടാരക്കര ഫെയ്ത്ത് ഹോം ജംക്ഷനിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. വാഹനമോഷണം ഒരു ലഹരിയായി കരുതുന്ന പ്രബിൻ ഓൺലൈൻ വഴിയാണ് മോഷ്ടിക്കാൻ വാഹനങ്ങൾ കണ്ടെത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കാപ്പ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.