പ്രേമത്തിലൂടെയെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് സായ് പല്ലവി . തന്നെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പലപ്പോഴും ചിരിച്ചു തള്ളാറാണ് സായ് പല്ലവി ചെയ്തിരുന്നത് .എന്നാൽ ഇപ്പോഴിതാ തന്നെ പറ്റി വന്ന ഒരു വാർത്തയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം . ഇത് സംബന്ധിച്ച ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
രാമായണം എന്ന ഹിന്ദി ചിത്രത്തിലാണ് സായ് പല്ലവി സീതയായി അഭിനയിക്കുന്നത്. രാമായണ കഥയായതിനാൽ സായ് പല്ലവി സസ്യാഹാരം മാത്രമേ കഴിക്കുന്നുള്ളു എന്നാണ് ഡിസംബർ 11ന് ഒരു തമിഴ് മാധ്യമത്തിൽ വന്ന റിപ്പോർട്ട് . ഇതിനെതിരെ താരം രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ്.
‘ മിക്ക കേസുകളിലും ഞാൻ നിശബ്ദത പാലിക്കാൻ ആഗ്രഹിക്കുന്നു.എന്നാൽ ഇത് തുടർച്ചയായി നടക്കുന്നതിനാൽ എനിക്ക് പ്രതികരിക്കേണ്ടി വരും.സിനിമയുടെ റിലീസിങ് സമയത്തും പ്രഖ്യാപന വേളയിലും ഇത് കൂടുതലായിരിക്കും, ഇനി ഏതെങ്കിലും പ്രശസ്തമായ മാദ്ധ്യമം ഇത്തരത്തിലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്താൽ ഞങ്ങൾ നിയമനടപടി സ്വീകരിക്കും,‘ .സായ് പല്ലവി പറഞ്ഞു.
താൻ സസ്യാഹാരം മാത്രമാണ് കഴിക്കുന്നതെന്ന് മുൻപ് തന്നെ താരം വെളിപ്പെടുത്തിയിരുന്നു. മറ്റൊരു മൃഗത്തെ കൊല്ലാൻ ആഗ്രഹിക്കുന്നില്ല , അതുവഴി തനിക്ക് ആരോഗ്യം വേണ്ടെന്നും സായ് പല്ലവി പറഞ്ഞിരുന്നു.