ബെംഗളൂരു ; കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും . വൈകുന്നേരം 4 മണിക്ക് ലോക് ഭവനിലാണ് സത്യപ്രതിജ്ഞ . ബെംഗളൂരുവിൽ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും കർശന സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ കഴിയൂ എന്നും പാർട്ടി പ്രവർത്തകരും അനുഭാവികളും ക്രമീകരണങ്ങളുമായി സഹകരിക്കണമെന്നും ശിവകുമാർ പറഞ്ഞു. പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും നടപടിക്രമങ്ങൾ കാണാൻ കഴിയുന്ന തരത്തിൽ കോൺഗ്രസ് ഓഫീസ് പരിസരത്ത് എൽഇഡി സ്ക്രീനുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരു നിവാസികൾക്ക് ഉണ്ടാകുന്ന അസൗകര്യം ഒഴിവാക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പരിപാടി ലളിതവും ചിട്ടയുള്ളതുമാക്കിയെന്നും, അതുകൊണ്ടാണ് ലോക് ഭവനിൽ ചടങ്ങ് നടത്തുന്നതെന്നും ശിവകുമാർ പറഞ്ഞു.സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുപിന്നാലെ റേസ് കോഴ്സ് റോഡിലെ നിർദ്ദിഷ്ട കോൺഗ്രസ് ഭവനിൽ ഭൂമിപൂജ നടത്താൻ കോൺഗ്രസ് പദ്ധതിയിടുന്നതായി നിയുക്ത മുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു.
ബ്ലോക്ക്, ജില്ലാ കോൺഗ്രസ് പ്രസിഡന്റുമാർ, എംഎൽഎമാർ, മുൻ എംഎൽഎമാർ, പാർലമെന്റ് അംഗങ്ങൾ, പാർട്ടിയുടെ മുന്നണി സംഘടനകളുടെ തലവന്മാർ, വിവിധ ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും ചെയർപേഴ്സൺമാർ എന്നിവർക്ക് ക്ഷണക്കത്ത് നൽകിയിട്ടുണ്ട്.സത്യപ്രതിജ്ഞയുടെ ഭാഗമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനം കണക്കിലെടുത്ത്, സംസ്ഥാന കോൺഗ്രസ് ആസ്ഥാനത്തിനും രാഹുൽ താമസിക്കുന്ന ഹോട്ടൽ ഷാംഗ്രി-ലയ്ക്കും ചുറ്റും പോലീസ് താൽക്കാലിക നിരോധിത മേഖല ഏർപ്പെടുത്തിയിട്ടുണ്ട്.

