തലശ്ശേരി ; ഷുഹൈബ് വധക്കേസിന്റെ വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ചുമതലയുള്ള ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സെ ജെ ബെന്നിയാണ് ഹർജി തള്ളിയത്. തലശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. നാളെ അതേ കോടതിയിൽ വിചാരണ തുടരും.
വിചാരണക്കോടതി പ്രതികളുടെ ജാമ്യം നേരത്തെ റദ്ദാക്കിയെങ്കിലും ഹൈക്കോടതിയെ സമീപിച്ച് പ്രതികൾ സ്റ്റേ വാങ്ങിയിരുന്നു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കാനും നീക്കം നടത്തുന്നുണ്ട്.
ഈ മാസം 18 മുതലാണ് കേസിൽ വിചാരണ ആരംഭിച്ചത് .കുറ്റകൃത്യത്തിൽ പങ്കെടുത്ത ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളെ കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞിരുന്നു. കൊലപാതക സമയത്ത് ഷുഹൈബിനൊപ്പമുണ്ടായിരുന്ന ആക്രമണത്തിൽ പരിക്കേറ്റ റിയാസിനെയാണ് കോടതി സാക്ഷിയായി കണ്ട് വിസ്തരിച്ചത്.
2018 ഫെബ്രുവരി 18 രാത്രി പത്തരയോടെയായിരുന്നു സംഭവം. മട്ടന്നൂർ കീഴൂർ തെരുവിലെ ഉറി എന്ന തട്ടുകടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ മാരകായുധങ്ങളുമായെത്തിയ സിപിഎം സംഘം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ് .
ആകാശ് തില്ലങ്കേരി, റജിൽ രാജ്, എ ജിതിൻ, സി എസ് ദീപ് ചന്ദ്, അസ്കർ കെ ബൈജു., പി പി അൻവർ സാദത്ത്, കെ അഖിൽ, കെ സഞ്ജയ്, കെ രജത്, കെ വി സംഗീത്, പി കെ അഭിനാഷ്, സി നിജിൽ, കെ പി പ്രശാന്ത്, എ പി സിനീഷ്, എ കെ സുബീൻ, വി പ്രജിത്ത് എന്നിവരാണ് കേസിലെ പ്രതികൾ.

