നെടുമങ്ങാട് : ഒന്നര വയസുകാരൻ അർഷിദിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ലക്ഷ്യമെന്ന് വ്യക്തമാക്കി അമ്മയുടെ സുഹൃത്ത് എ അഷ്കർ . തല ഭിത്തിയിൽ ഇടിപ്പിച്ചും ,കാലിൽ തീ വച്ച് പൊളിച്ചും, നെഞ്ചിൽ ചവിട്ടിയും കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് അഷ്കറിന്റെ കുറ്റസമ്മതം. കുട്ടി തനിക്ക് ബാധ്യതയാകുമെന്ന് ഭയന്നിരുന്നുവെന്നും അഷ്കർ പറഞ്ഞു.
അഷ്കർ കുഞ്ഞിനെ മർദ്ദിക്കുന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്നാണ് അമ്മ അഖില ചന്ദ്രൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. ദേഹമാസകലം മുറിവുകളുമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞ് വെള്ളിയാഴ്ച്ച രാത്രിയാണ് മരിച്ചത് . കോടതിയിൽ ഹാജരാക്കിയ 2 പ്രതികളെയും റിമാൻഡ് ചെയ്തത്.
പ്രതികൾ ഒന്നിച്ചു താമസിച്ചിരുന്ന പനവൂർ കരിക്കുഴിയിലെ വാടകവീട്ടിലേയ്ക്ക് കഴിഞ്ഞ ദിവസമാണ് പൊലീസ് അഷ്കറിനെ തെളിവെടുപ്പിന് എത്തിച്ചത്. വൻ രോഷമാണ് പ്രതികൾക്ക് നേരെ ഉണ്ടായത് . ചില പ്രതികളെ കയ്യേറ്റം ചെയ്യുകയും ചെയ്തു . അഷ്കർ കുഞ്ഞിനെ പൊള്ളിക്കാൻ ഉപയോഗിച്ച ലൈറ്ററും, അടിക്കാൻ ഉപയോഗിച്ച കമ്പുകളും വീട്ടിൽ നിന്ന് കണ്ടെടുത്തു.
വീടിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന അഷ്കറിന്റെ കാർ കഴിഞ്ഞ ദിവസം അജ്ഞാതർ അടിച്ചു തകർത്തു. വെള്ളിയാഴ്ച്ച രാത്രി അവശനിലയിലാണ് അർഷിദിനെ പനവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് അവിടെ നിന്ന് എസ് എ ടിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം അമ്മ അഖില നൃത്തപരിപാടികൾക്കായി തമിഴ്നാട്ടിലായിരുന്നു.ഭക്ഷണം കഴിച്ച ശേഷം കുഞ്ഞ് ഛർദിച്ച് അവശനിലയിലായി എന്നാണ് അഷ്കർ ഡോക്ടർമാരോട് പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമർദ്ദനത്തിന്റെ വിവരങ്ങൾ പുറത്ത് വന്നു.
കുഞ്ഞ് ശരീരത്തിൽ ഉണ്ടായിരുന്നത് 51 മുറിപ്പാടുകളായിരുന്നു. ഭിത്തിയിൽ ഇടിപ്പിച്ചതിനെ തുടർന്ന് തലയ്ക്കുള്ളിൽ അഞ്ച് സ്ഥലത്ത് നീർക്കെട്ടും, രക്തസ്രാവവുമുണ്ടായി. ചവിട്ടേറ്റ് നെഞ്ചിന്റെ 7 വാരിയെല്ലുകൾക്ക് പൊട്ടലുണ്ടായി. സിഗററ്റ് ലൈറ്റർ കൊണ്ട് ജനനേന്ദ്രിയത്തിലും, കാൽ വിരലുകളിലും, കൈകളിലും പൊള്ളലേൽപ്പിച്ചിരുന്നു.
ഒരു മാസം മുൻപ് കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞതായും, കുഞ്ഞിന്റെ സുരക്ഷയെ പറ്റി ആശങ്കയുണ്ടായിരുന്നുവെന്നും അഖിലയുടെ അമ്മ റീന പൊലീസിനോട് പറഞ്ഞിരുന്നു. സൈക്കിളിൽ നിന്ന് വീണതാണെന്നാണ് അഖിലയും, അഷ്കറും പറഞ്ഞിരുന്നത് . എന്നാൽ അത് വിശ്വാസമാകാത്തതിനാൽ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാമെന്ന് കാട്ടി റീന നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു.എന്നാൽ കുഞ്ഞിനെ വിട്ടു നൽകിലെന്ന് നിലപാടെടുത്ത അഖില അമ്മയ്ക്കെതിരെ മറ്റൊരു പരാതിയും നൽകിയിരുന്നു.

