തിരുവനന്തപുരം : വട്ടിയൂർകാവ് കാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട് സൈനികൻ മുങ്ങിമരിച്ചു. ഒപ്പം അപകടത്തിൽപ്പെട്ട മൂന്ന് പേരെ നാട്ടുകാർ രക്ഷപെടുത്തി. പാങ്ങോട് സൈനിക ക്യാമ്പിലെ സൈനികൻ കോഴിക്കോട് മാവൂർ പെരുവയൽ മേലേ ഇരിപ്പോളിൽ സുജിത് (34 ) ആണ് മരിച്ചത് . ഒപ്പമുണ്ടായിരുന്ന അഭിജിത്ത്, ജോൺ ബ്രിട്ടോ, ശ്രീഷ് എസ് നായർ എന്നിവരെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി. അപകടത്തിൽപ്പെട്ടവർ മുഴുവൻ പാങ്ങോട് സൈനിക ക്യാമ്പിലെ സൈനികരാണെന്ന് പൊലീസ് പറഞ്ഞു.
സുജിത്ത് ഉൾപ്പെടെയുള്ളവർ ആറ്റിനരികിൽ ഇരുന്ന് ഭക്ഷണം കഴിച്ചു. ഇതിനിടെ ആറ്റിന് അടുത്തേയ്ക്ക് പോയ ഒരാൾ ആറ്റിലേയ്ക്ക് വീണത് കണ്ട് സുജിത് ഉൾപ്പെടെയുള്ളവർ രക്ഷിക്കാനായി ആറ്റിലേയ്ക്ക് ചാടുകയായിരുന്നു. ഇതോടെ നാലു പേരും ഒഴുക്കിൽപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാർ മൂന്ന് പേരെ രക്ഷിച്ചു. എന്നാൽ സുജിത്ത് മുങ്ങിത്താണു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സുജിത്ത് മുങ്ങിത്താണ സ്ഥലത്ത് നിന്നും 500 മീറ്റർ മാറി പാറയിടുക്കിൽ നിന്നാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് സ്കൂബ്ബ ടീമാണ് തെരച്ചിൽ നടത്തിയത്. ഇതിനായി അരുവിക്കര ഡാമിൽ നിന്നുള്ള ഷട്ടറുകൾ താഴ്ത്തിരുന്നു. സൈനികർ ഇറങ്ങിയ ഭാഗത്ത് വെള്ളം കരകവിഞ്ഞ് ഒഴുകുന്ന നിലയിലായിരുന്നു. മാത്രമല്ല ആറ്റിൽ പലയിടത്തും ചുഴികളുമുണ്ടായിരുന്നു. സുഹൃത്തിനെ രക്ഷിക്കാൻ ചാടിയ സുജിത്ത് ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് നിഗമനം.

