തിരുവനന്തപുരം : ഇഡിയെ കാട്ടി സിപിഎമ്മിനെ പേടിപ്പിക്കേണ്ടെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഇഡിയെ അക്രമിച്ചുവെന്നാണ് പറയുന്നത്. ഇവിടെ അക്രമം ഉണ്ടായിട്ടില്ല. അക്രമം അങ്ങനെ ഒന്നുമല്ല . പ്രവർത്തകർക്ക് നിയന്ത്രണം വിട്ട് പ്രതികരിക്കേണ്ടി വരും. അതിനെ അക്രമം എന്ന് വിളിക്കരുത് . അണപൊട്ടിയെത്തിയ ജനസഞ്ചയം വലിയ നെറികേടിനെതിരെ പ്രതികരിച്ചതാണ്.
ബിജെപിയ്ക്ക് എതിരായി നിന്ന നേതാക്കൾക്കെതിരെ ഇഡിയെ കയറൂരി വിട്ടിരിക്കുകയാണ്. കോൺഗ്രസ് നേതാക്കളെ ഇഡിയെ വിട്ട് വേട്ടയാടാൻ തുടങ്ങിയപ്പോൾ അവർ മുട്ടുമടക്കി ബിജെപിയ്ക്കൊപ്പം ചേർന്നു.
സംഘപരിവാറിന് മുന്നിൽ മുട്ടി ഇഴയുന്നവരായി കോൺഗ്രസ് നേതാക്കൾ മാറി. അവരിൽ പലരും മന്ത്രിമാരും, മുഖ്യമന്ത്രിമാരുമായി. ഇഡി എന്നും സിബിഐ എന്നും കേട്ടാൽ കുനിഞ്ഞ ശിരസുമായി ബിജെപി ഓഫീസിലേയ്ക്ക് വരുന്നവരെ മാത്രമേ നരേന്ദ്രമോദി കണ്ടിട്ടുള്ളൂ . അവസാനശ്വാസം വരെ പോരാടുന്ന ഇടതുമുന്നണി നേതാക്കളെ കണ്ടിട്ടില്ല.
തന്നോടൊപ്പം ഇന്ത്യാ മുന്നണിയിൽ നിൽക്കുന നേതാവിന്റെ വീട് എന്തുകൊണ്ട് റെയ്ഡ് ചെയ്തില്ലെന്നാണ് രാഹുൽ ചോദിച്ചത്. രാഹുൽ സംഘപരിവാറിന് മുന്നിൽ പ്രണമിച്ചപ്പോൾ ഇന്ത്യ ഹെറാൾഡിന്റെയും, വദേരയുടെ ഭൂമി തട്ടിപ്പിന്റെയും കേസുകൾ മന്ദഗതിയിൽ ആയെന്നും സ്വരാജ് പറഞ്ഞു.

