ന്യൂഡൽഹി : ബംഗാളിൽ തീവ്ര പരിഷ്ക്കരണ വോട്ടർപട്ടിക പ്രക്രിയ തടസപ്പെടുത്താൻ ശ്രമിച്ച 15 പേരെ കസ്റ്റഡിയിലെടുത്ത് എൻ ഐ എ. മാൾഡ ജില്ലയിലാണ് എസ് ഐ ആറുമായി ബന്ധപ്പെട്ട് റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായാണ് എസ് ഐ ആർ പ്രക്രിയ നടത്തുകയായിരുന്ന ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചത്.
ഹൈബറ്റോളയ്ക്കും, അമ്ലിറ്റോളയ്ക്കും ഇടയിലുള്ള റോഡിൽ വനിതാ ഉദ്യോഗസ്ഥയെ എട്ട് മണിക്കൂർ തടഞ്ഞ് വച്ചതിനാണ് പ്രധാന പ്രതികളായ ജോഷിം, അസ്മൗൾ എന്നിവരടക്കം 12 പേരെ അറസ്റ്റ് ചെയ്തത് . മറ്റൊരു സംഭവത്തിൽ മൊതബാരി ബ്ലോക്കിലെ ബാഗ്മാര പാലത്തിൽ വച്ച് ഉദ്യോഗസ്ഥരെ തടഞ്ഞ ആലംഗീർ , നൂറുൽ ഇസ്ലാം, ഹബീബുൾ റഹ്മാൻ എന്നിവരെയും അറസ്റ്റ് ചെയ്തു.
ജനാധിപത്യ പ്രക്രിയയെ തടസപ്പെടുത്തുന്ന സംഭവങ്ങളാണ് എസ് ഐ ആറുമായി ബന്ധപ്പെട്ട് ബംഗാളിൽ നടന്നതെന്ന് എൻ ഐ എ വ്യക്തമാക്കി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് . എസ് ഐ ആർ പ്രക്രിയ തടസപ്പെടുത്തിയ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. അതിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം അന്വേഷണം എൻ ഐ എ ഏറ്റെടുത്തു. തുടർന്നാണ് 15 പേരെ അറസ്റ്റ് ചെയ്തത് .
കേന്ദ്രഏജൻസികളെ തടസപ്പെടുത്തുന്ന സംഭവത്തെ അതീവഗൗരവത്തോടെയാണ് കാണുന്നതെന്ന് അന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മാസപ്പടി കേസിൽ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്താനെത്തിയ ഇഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതും ഇത്തരത്തിൽ കേന്ദ്ര ഏജൻസികളെ ആക്രമിച്ചതിന് മറ്റൊരു ഉദാഹരണമാണ് . ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഇന്ന് പിണറായിയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയത് . എന്നാൽ ഇത് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ചായിരുന്നു സിപിഎം പ്രതിഷേധം.

