അഹമ്മദാബാദ്: 1997ലെ ഒരു കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട കേസിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ ഗുജറാത്തിലെ പോർബന്ദർ കോടതി കുറ്റവിമുക്തനാക്കി. കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാലാണ് ഭട്ടിനെ കുറ്റവിമുക്തനാക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
പോലീസ് സൂപ്രണ്ട് ആയിരിക്കെ സഞ്ജീവ് ഭട്ട് കസ്റ്റഡിയിലുള്ള പ്രതിയെ മാരകായുധം ഉപയോഗിച്ച് ഗുരുതരമായി മുറിവേൽപ്പിച്ചു, മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കാൻ ശ്രമിച്ചു, കുറ്റകരമായ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തു എന്നതായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതാണ് കോടതി തള്ളിയത്. കൂടാതെ, അക്കാലത്ത് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിനെ മതിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പ്രതി ചേർത്തതെന്നും കോടതി കണ്ടെത്തി.
അതേസമയം, 1990ലെ ഒരു കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് 2019ൽ കോടതി കണ്ടെത്തിയിരുന്നു. ഈ കേസിൽ നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ് ഭട്ട്. 1989ൽ നടന്ന വർഗീയ കലാപത്തെ തുടർന്ന് അറസ്റ്റിലായ പ്രതികളിൽ ഒരാളെ കസ്റ്റഡിയിൽ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ജാമ്നഗർ സെഷൻസ് കോടതിയാണ് അദ്ദേഹത്തെ ശിക്ഷിച്ചത്.
കൂടാതെ, രാജസ്ഥാൻ സ്വദേശിയായ ഒരു അഭിഭാഷകനെ കള്ളക്കേസിൽ കുടുക്കാൻ മയക്കുമരുന്ന് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും 20 വർഷം ശിക്ഷ അനുഭവിച്ച് വരികയാണ് സഞ്ജീവ് ഭട്ട്. ഗുജറാത്തിലെ ബനാസ്കാന്ത സെഷൻസ് കോടതിയാണ് എൻഡിപിഎസ് ആക്ട് പ്രകാരം ഭട്ടിനെ ശിക്ഷിച്ചത്.