ന്യൂഡൽഹി: അഞ്ച് രാഷ്ട്രങ്ങളിലെ വിദേശ പര്യടനം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ, കേന്ദ്ര മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്ന് വൈകുന്നേരം 4:00 ന് ഡൽഹിയിലെ ‘സേവാ തീർത്ഥ്’ ഹാളിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ പങ്കെടുക്കാനായി, എല്ലാ കാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും ദേശീയ തലസ്ഥാനത്ത് തന്നെ തുടരണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അമേരിക്കയും ഇറാനും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷം, ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാകും യോഗം. ആഗോള എണ്ണവിലയിലെ ചാഞ്ചാട്ടം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷം മൂലമുണ്ടാകുന്ന ആഭ്യന്തര പണപ്പെരുപ്പ സമ്മർദ്ദങ്ങൾ എന്നിവ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ സർക്കാർ ഉന്നതതല മന്ത്രിതല പാനൽ രൂപീകരിച്ചിട്ടുണ്ട് . ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ, പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരും കോർ കമ്മിറ്റിയിൽ ഉൾപ്പെടുന്നു. ഇന്ത്യ ക്രൂഡ് ഓയിലിന്റെയും ദ്രവീകൃത പെട്രോളിയം വാതകത്തിന്റെയും (എൽപിജി) ശക്തമായ കരുതൽ ശേഖരം നിലനിർത്തുന്നുവെന്ന് രാജ്നാഥ് സിംഗും ഉറപ്പ് പറയുന്നുണ്ട്. എങ്കിലും വരും ദിവസങ്ങൾക്കായി സമഗ്രമായ അടിയന്തര പദ്ധതി രൂപപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂൺ 10 ന് മൂന്നാം മോദി സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ, മന്ത്രിസഭാ പുനഃസംഘടനയും വിപുലീകരണവും ചർച്ചയാകാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ വിവിധ മന്ത്രാലയങ്ങളുടെ പ്രകടനങ്ങളുടെ സമഗ്രമായ അവലോകനം നടക്കുന്നതിനാൽ, ജൂൺ രണ്ടാം വാരത്തോടെ പുതിയ മന്ത്രിമാരെ ഉൾപ്പെടുത്താനും വകുപ്പുകൾ പുനർവിന്യസിക്കാനും നീക്കങ്ങൾ സജീവമായി നടക്കുന്നുണ്ട്. ഇന്നത്തെ യോഗത്തിൽ ഈ മാറ്റങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും സൂചനയുണ്ട്.

