ഡബ്ലിൻ : ചാൾസ് രാജാവ് അയർലൻഡ് സന്ദർശിക്കുമെന്ന പ്രസ്താവനയെ സ്വാഗതം ചെയ്ത് പ്രസിഡന്റ് കാതറിൻ കനോലി . ബക്കിംഗ്ഹാം കൊട്ടാരത്തിൽ ഇരു രാഷ്ട്രത്തലവന്മാരും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ചാൾസ് രാജാവിനെ അയർലൻഡിലേയ്ക്ക് കാതറിൻ കനോലി ക്ഷണിച്ചത് . ക്ഷണം ചാൾസ് രാജാവ് സ്വീകരിച്ചതായി കാതറിൻ കനോലി പറഞ്ഞു.
ഇംഗ്ലണ്ടിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ആദ്യ ദിവസം തന്നെ കാതറിൻ കനോലി ചാൾസ് രാജാവിനെ കാണാനെത്തിയിരുന്നു. അദ്ദേഹത്തെ അയർലൻഡിലേയ്ക്ക് ക്ഷണിക്കുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ നടന്നതായും കനോലി പറഞ്ഞു.
“ ചാൾസ് രാജാവ് അയർലൻഡിലേയ്ക്കുള്ള ക്ഷണം സ്വീകരിച്ചത് ഗുഡ് ഫ്രൈഡേ കരാറിന് ശേഷം അയർലൻഡും ബ്രിട്ടനും തമ്മിലുള്ള സൗഹൃദബന്ധത്തെ പ്രതിഫലിപ്പിക്കുന്നു.” എന്നും കനോലി പറഞ്ഞു.
അടുത്ത വർഷം നടക്കാനിരിക്കുന്ന രാജാവിന്റെ ഔദ്യോഗിക സന്ദർശനം, സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ബ്രിട്ടീഷ് രാജാവിന്റെ രണ്ടാമത്തെ അയർലൻഡ് സന്ദർശനമായിരിക്കും.

