ഭാര്യ ആർതിയുമായുള്ള വിവാഹമോചനം നടക്കുന്നതുവരെ താൻ അഭിനയിക്കില്ലെന്ന് നടൻ രവി മോഹൻ. തന്റെ വിവാഹ ജീവിതത്തെയും ഗായിക കെനീഷ ഫ്രാൻസിസുമായുള്ള ബന്ധത്തെ പറ്റിയും മാധ്യമങ്ങൾക്ക് മുന്നിൽ രവി മോഹൻ തുറന്ന് പറഞ്ഞു.രവിയുമായുള്ള നിലവിലെ ബന്ധം അവസാനിപ്പിച്ച് ചെന്നൈ പൂർണ്ണമായും വിടുമെന്ന് കെനീഷ ഫ്രാൻസിസ് സൂചന നൽകിയതിനു പിന്നാലെയാണ് രവി മോഹന്റെ പ്രസ്താവന.
വർഷങ്ങളായി ഭാര്യയിൽ നിന്നും കുടുംബത്തിൽ നിന്നും തനിക്ക് അപമാനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും, നിലവിലുള്ള വിവാദങ്ങളെക്കുറിച്ച് ഇനി മൗനം പാലിക്കാൻ കഴിയില്ലെന്നും അദ്ദേഹം നിറകണ്ണുകളോടെ പറഞ്ഞു. “എന്റെ വിവാഹമോചനം നടക്കുന്നതുവരെ, ഞാൻ അഭിനയിക്കില്ല. എനിക്ക് വിവാഹമോചനം ലഭിക്കുമ്പോൾ , ഈ സൈബർ ഭീഷണി നിലയ്ക്കുമ്പോൾ എന്റെ ജീവിതം സാധാരണ നിലയിലാകും. ആളുകൾ പലപ്പോഴും എന്നെ മൃദുഭാഷിയായി കാണാറുണ്ട്. എന്നാൽ എന്റെ ക്ഷമ ഇപ്പോൾ പരീക്ഷിക്കപ്പെടുകയാണ് . ഞാൻ വളരെക്കാലം മൗനം പാലിച്ചു . ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കേണ്ട സമയമാണിത്.
വർഷങ്ങളായി ഭാര്യയും കുടുംബവും എന്നെ “ഒരു അടിമയെപ്പോലെ” ആണ് കാണുന്നത്. എല്ലാത്തിനും എന്റെ പക്കൽ തെളിവുണ്ടെന്നും “രവി മോഹൻ പറഞ്ഞു.
വ്യക്തികളുടെ പേര് നേരിട്ട് പറയാതെ, ചില ആളുകൾ തന്റെ വ്യക്തിജീവിതത്തിൽ ഇടപെടുകയും അവർക്ക് മനസ്സിലാകാത്ത വിഷയങ്ങളിൽ പരസ്യമായി അഭിപ്രായം പറയുകയും ചെയ്യുന്നു . തന്റെ അവസ്ഥയ്ക്ക് കാരണം പേരിൽ മൂന്നക്ഷരമുള്ള ഒരു നടിയാണെന്നും രവി മോഹൻ പറഞ്ഞു. കുടുംബങ്ങൾ തകർത്തശേഷം പൊതുവേദികളിൽ ഫെമിനിസം പ്രസംഗിച്ചിട്ട് എന്താണ് കാര്യമെന്നും നടിയുടെ പേര് പറയാതെ തന്റെ മക്കളായ ആരവിനെയും അയാനെയും കാണുന്നതിൽ നിന്ന് തന്നെ തടയുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുമായുള്ള ഫോൺ ബന്ധം പോലും വിച്ഛേദിച്ചു. മാനസികമായ ഈ പീഡനം കാരണം ഞാൻ എന്നെത്തന്നെ ഉപദ്രവിക്കാൻ വരെ തുടങ്ങി. എന്റെ കൈകളിലേക്ക് സൂം ചെയ്ത് നോക്കൂ. ഒരു ദിവസം ഞാൻ ഈ ലോകം വിടും. പക്ഷേ അതിന് മുൻപ് എന്റെ സമാധാനം കളഞ്ഞവരുടെ സമാധാനം ഞാൻ അവസാനിപ്പിക്കും . നിങ്ങൾ എല്ലാവരും കൂടി കെനീഷയെ അകലേക്ക് പറഞ്ഞയച്ചു. അവൾക്ക് നല്ലൊരു ജീവിതമുണ്ടാകട്ടെയെന്ന് ഞാൻ ആശംസിക്കുകയാണ്.‘എന്നും രവി മോഹൻ പറഞ്ഞു.

