ന്യൂഡൽഹി : ചബഹാർ തുറമുഖത്ത് ഇന്ത്യ നിക്ഷേപം തുടരണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി . മിഡിൽ ഈസ്റ്റിൽ സമാധാനം വളർത്തുന്നതിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഇന്ത്യയും ഇറാനും തമ്മിലുള്ള സഹകരണത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ചബഹാർ തുറമുഖമെന്ന് അരഗ്ചി പറഞ്ഞു . ഈ തുറമുഖത്തിന്റെ നിർമ്മാണത്തിൽ ഇന്ത്യ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇന്ത്യക്കാർ ഈ ദൗത്യം ഏറ്റെടുത്തതിൽ സംതൃപ്തി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്ക് ഒരു “സുവർണ്ണ കവാടം” ആയി ചബഹാർ തുറമുഖം പ്രവർത്തിക്കും. എന്നാൽ നിലവിൽ യുഎസ് ഉപരോധങ്ങൾ കാരണം ഇന്ത്യയുടെ നിക്ഷേപം മന്ദഗതിയിലാണ്. ഇന്ത്യ പ്രവർത്തനങ്ങൾ തുടരുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറാനും യുഎസും തമ്മിലുള്ള സംഘർഷത്തിൽ പക്ഷം പിടിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതിന് അരഗ്ചി ഇന്ത്യയെ പ്രശംസിക്കുകയും ചെയ്തു . ഇന്ത്യയ്ക്ക് ആഗോളതലത്തിൽ പോസിറ്റീവ് പ്രതിച്ഛായയുണ്ടെന്നും പേർഷ്യൻ ഗൾഫ് മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സൗഹൃദബന്ധം നിലനിർത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മേഖലയിൽ സമാധാനവും സ്ഥിരതയും വളർത്തുന്നതിൽ ഇന്ത്യ കൂടുതൽ സജീവമായ പങ്ക് വഹിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
നിലവിൽ ഇറാനെതിരെ അമേരിക്ക വിവിധ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ചബഹാർ തുറമുഖ പദ്ധതിക്ക് ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് അമേരിക്ക അനുവദിച്ചിരുന്നു. ഈ ഇളവ് 2026 ഏപ്രിൽ 26 ന് അവസാനിച്ചിരുന്നു . അതിനുശേഷം, ചബഹാറിലെ തുറമുഖം സംബന്ധിച്ച് ഇന്ത്യ തീരുമാനമറിയിച്ചിട്ടില്ല.
ഈ തുറമുഖം വഴി ഇന്ത്യയ്ക്ക് മധ്യേഷ്യ, കോക്കസസ് മേഖല, യൂറോപ്പ് എന്നിവയിലേക്ക് പ്രവേശനം നേടാനാകും. അതുപോലെ, യൂറോപ്പിലെയും മധ്യേഷ്യയിലെയും രാജ്യങ്ങൾക്ക് ഈ വഴിയിലൂടെ തന്നെ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കാൻ കഴിയും.
അതേസമയം യുഎസ് ഇളവുകൾ അവസാനിച്ചതിനെത്തുടർന്ന്, അമേരിക്കയുമായും ഇറാനുമായും ചർച്ചകളിൽ ഏർപ്പെടുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, ഉപരോധ കാലയളവിൽ ഇന്ത്യയ്ക്ക് ചബഹാർ പദ്ധതിയിലെ ഓഹരി താൽക്കാലികമായി പ്രാദേശിക ഇറാനിയൻ സ്ഥാപനത്തിന് കൈമാറാൻ കഴിയുന്ന ‘പ്ലാൻ ബി’ യും ആലോചിക്കുന്നുണ്ട് . ഈ വർഷത്തെ ബജറ്റിൽ മോദി സർക്കാർ ചബഹാറിനായി ഫണ്ട് അനുവദിച്ചിട്ടുമില്ല.

