ന്യൂഡൽഹി: ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കി. പരീക്ഷ വീണ്ടും നടത്താൻ തീരുമാനിച്ചു. തീയതികൾ പിന്നീട് പ്രഖ്യാപിക്കും.പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പ്രചരിച്ച മോഡൽ ചോദ്യപേപ്പറിലെ 135 ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷയിൽ ഉൾപ്പെടുത്തിയെന്നാണ് ആരോപണം. സിക്കാറിലെ പരീക്ഷാ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ച ചോദ്യപേപ്പറിലെ 600 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിന് സമാനമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി
രാജസ്ഥാനിലെ സിക്കാറിൽ പരീക്ഷാ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ച ചോദ്യപേപ്പറിലെചോദ്യങ്ങളാണ് യഥാർത്ഥ ചോദ്യപേപ്പറിന് സമാനമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയത് . നീറ്റ് പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപാണ് സിക്കാറിൽ ചോദ്യപേപ്പർ പ്രചരിച്ചത്. 20,000 മുതൽ 2 ലക്ഷം രൂപ വരെ വിലയ്കാണ് ചോദ്യപേപ്പർ വിറ്റത്. പരീക്ഷയ്ക്ക് മുമ്പ് ഏകദേശം 30,000 ചോദ്യപേപ്പറുകൾ വിറ്റുപോയതായാണ് റിപ്പോർട്ട്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പോലീസ് 13 പേരെ കസ്റ്റഡിയിലെടുത്തു. സിക്കാറിലെ കോച്ചിംഗ് സെന്റർ ഉടമ, പേയിംഗ് ഗസ്റ്റ് കെട്ടിടത്തിന്റെ ഉടമ, രണ്ട് വിദ്യാർത്ഥികൾ എന്നിവരെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ എംബിബിഎസിന് പഠിക്കുന്ന രാജസ്ഥാനിലെ ചുരുവിൽ നിന്നുള്ള വിദ്യാർത്ഥിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

