ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരത്തിൽ വന്നതുമുതൽ, ബംഗ്ലാദേശിൽ നിന്ന് തുടർച്ചയായി ഭീഷണികൾ ഉയരുന്നുണ്ട് . ബംഗ്ലാദേശിലെ പുരോഹിതന്മാർ ഇന്ത്യയ്ക്കെതിരെ നിരന്തരം വിമർശനങ്ങളും ഉന്നയിക്കുന്നുണ്ട് . ഇപ്പോഴിതാ തീവ്ര ബംഗ്ലാദേശി പുരോഹിതൻ എനായത്തുള്ള അബ്ബാസിയും ഇന്ത്യയ്ക്കും, ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയ്ക്കുമെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് . ബംഗാളിൽ മുസ്ലീങ്ങൾ സുരക്ഷിതരല്ലെങ്കിൽ, ബംഗ്ലാദേശിൽ ഹിന്ദുക്കൾ സുരക്ഷിതരായിരിക്കില്ലെന്നാണ് അബ്ബാസിയുടെ ഭീഷണി . സുവേന്ദു അധികാരിക്കെതിരെ വധഭീഷണി മുഴക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
“ഇന്ത്യയിലെ ഹിന്ദുക്കൾക്ക് ‘ജൂത മാതൃക’ പോലുള്ള ഹിന്ദു കേന്ദ്രീകൃത സംവിധാനം സ്ഥാപിക്കുന്നത് അസാധ്യമാകും. ബംഗാളിൽ ഇപ്പോൾ അധികാരമേറ്റ ബിജെപി ഇതിനകം തന്നെ ഈ ദിശയിലേക്ക് നീങ്ങുകയാണ്. ബീഫ് വിൽക്കുന്ന കടകൾ തകർക്കപ്പെടുന്നു, മുസ്ലീങ്ങൾ അടിച്ചമർത്തലിനും അതിക്രമങ്ങൾക്കും വിധേയരാകുന്നു. ഇത് എന്തുവിലകൊടുത്തും എതിർക്കപ്പെടണം. “ഈ സാഹചര്യത്തിൽ, ബംഗ്ലാദേശിലെ താരിഖ് റഹ്മാൻ ഗവൺമെന്റിന് വളരെ നിർണായകമായ ഉത്തരവാദിത്തമുണ്ട്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഇന്ത്യയ്ക്ക് കർശനമായ മുന്നറിയിപ്പ് നൽകണം. കൂടാതെ, ബംഗാളിൽ മുസ്ലീങ്ങൾ സുരക്ഷിതരല്ലെങ്കിൽ, ബംഗ്ലാദേശിലും ഹിന്ദുക്കൾക്ക് സുരക്ഷിതമായി ജീവിക്കാൻ അനുവാദമില്ലെന്ന് വ്യക്തമാക്കണം “ എന്നാണ് അബ്ബാസി പറയുന്നത്.
മുൻപും ഇന്ത്യാ വിരുദ്ധ, പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട് മൗലാന അബ്ബാസി . ബംഗ്ലാദേശി മുസ്ലീങ്ങൾ ഡൽഹിയിൽ ഇസ്ലാമിന്റെ പതാക ഉയർത്തുമെന്നും മദ്രസകളെ സായുധ പട്ടാളങ്ങളാക്കി മാറ്റുമെന്നും അവകാശപ്പെട്ട് അബ്ബാസി മുമ്പ് ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബംഗാളിന്റെ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരെ അദ്ദേഹം അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.

