ചെന്നൈ: വെറും 29 വയസ്സുള്ളപ്പോൾ, തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരിൽ ഒരാളായി ചരിത്രം കുറിക്കുകയാണ് കീർത്തന. തമിഴക വെട്രി കഴകം (ടിവികെ) ടിക്കറ്റിൽ വിരുദുനഗർ ജില്ലയിലെ ശിവകാശി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് കീർത്തന വിജയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ പറ്റി മാധ്യമങ്ങളോട് ഹിന്ദിയിൽ സംസാരിച്ചത് വഴി കീർത്തന ഏറെ ശ്രദ്ധ നേടിയിരുന്നു.
തമിഴ്നാട്ടിൽ ഹിന്ദി വളരെക്കാലമായി രാഷ്ട്രീയമായി സെൻസിറ്റീവ് ആയ വിഷയമായി തുടരുകയും വർഷങ്ങളായി ദ്രാവിഡ പാർട്ടികളിൽ നിന്ന് ശക്തമായ എതിർപ്പ് നേരിടുകയും ചെയ്തിട്ടുള്ളതിനാൽ, കീർത്തനയുടെ പരാമർശങ്ങൾ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, കീർത്തന രാഷ്ട്രീയ ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്നു. പ്രചാരണ തന്ത്രങ്ങളിലും അടിസ്ഥാന രാഷ്ട്രീയ പ്രവർത്തനങ്ങളിലും അവർ പങ്കാളിയായിരുന്നു. ടിവികെയുടെ രൂപീകരണ ഘട്ടങ്ങളിൽ, പ്രത്യേകിച്ച് യുവജന വോട്ട് സമാഹരണം, മണ്ഡലതല ആസൂത്രണം, സോഷ്യൽ മീഡിയ ആശയവിനിമയം എന്നിവയിൽ മുഖ്യപങ്ക് വഹിച്ചതും കീർത്തനയാണ്.
പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ എം.എസ്സി. പൂർത്തിയാക്കി. അതിനുശേഷം, ഡാറ്റാ അനലിസ്റ്റായാണ് കീർത്തന സമ്പത്ത് തന്റെ കരിയർ ആരംഭിച്ചത് . കീർത്തനയുടെ കുടുംബത്തിലെ പലരും ബിജെപി അംഗങ്ങളാണെന്നതും, മോദിയെ പല വേദികളിലും അവർ പ്രശംസിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. പാചകവാതക വില കൂട്ടിയപ്പോൾ അവർ നടത്തിയ പ്രതികരണം രസകരമായിരുന്നു. “വിറക് അടുപ്പിൽ ഊതി ജീവിതം നരകിപ്പിച്ചിരുന്ന സ്ത്രീകൾക്ക് ഗ്യാസ് കണക്ഷൻ നൽകിയതും സിലിണ്ടറുകൾ ഇത്രത്തോളം സുലഭമാക്കിയതും മോദിയാണ്. യുദ്ധമുണ്ടായതിന് മോദി എന്ത് ചെയ്യാൻ” എന്നായിരുന്നു പ്രതികരണം. തമിഴ്നാടിന് കേന്ദ്ര വിഹിതം കിട്ടുന്നില്ല എന്ന് വാദിച്ചിരുന്ന സ്റ്റാലിനോട്, “സ്വന്തം കഴിവുകേടിന് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നായിരുന്നു “
വിജയുടെ സത്യപ്രതിജ്ഞാ വേദിയിൽ വന്ദേമാതരം ആലപിച്ചതിനു പിന്നിലും കീർത്തന ആണെന്ന മട്ടിൽ പ്രചാരണങ്ങൾ ഉണ്ട്. അതിലെ സത്യവസ്ഥ പുറത്ത് വന്നിട്ടില്ലെങ്കിലും മോദി സർക്കാരിനെ അനുനയിപ്പിച്ച് ഒപ്പം പോകാൻ തന്നെയാണ് വിജയ് സർക്കാരിന്റെയും നീക്കമെന്നാണ് റിപ്പോർട്ട്.

